കോഴിക്കോട്: തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെപിസിസി. അദ്ദേഹവുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എത്തുന്നത് യുഡിഎഫിന്റെ പൊതു തീരുമാന പ്രകാരം. മുസ്ലിം ലീഗ് അടക്കമുള്ളവർ മുരളീധരന്റെ വേദന മാറ്റണമെന്ന അഭിപ്രായമാണ്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ഗുരുവായൂരിൽ മുരളീധരന് ഭൂരിപക്ഷം കിട്ടി. എന്നാൽ മറ്റ് മണ്ഡലങ്ങളിൽ എല്ലാം തിരിച്ചടിയും ഉ്ണ്ടായി. ഗുരുവായൂരിലെ മുന്നേറ്റം മറ്റിടത്തുണ്ടാകാത്തതിന് കാരണം കോൺഗ്രസ് വിഴ്ചയെന്നാണ് ലീഗും വിലയിരുത്തുന്നത്.

ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ നേരിട്ട് മുരളീധരനെ കാണാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോർമുലയെങ്കിലും ഇത് മുരളീധരൻ ഏറ്റെടുക്കില്ലെന്നാണ് റിപ്പോർട്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എ.ഐ.സി.സി. തീരുമാനം വരാൻ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷസ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടേക്കും. അതിനോട് പ്രതികരിക്കാൻ സുധാകരൻ തയ്യാറാകില്ല. വയനാടിൽ മുരളീധരനെ അനുനയിപ്പിക്കാനാകും ശ്രമം. പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച മുരളീധരനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് നീക്കം.

അതിനിടെ വയനാടിൽ ഉപതിരഞ്ഞെടുപ്പ് വരുമോ എന്ന് പോലും ആർക്കും ഉറപ്പില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും രാജിവച്ചാലും പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കെപിസിസിയുടെ വാഗ്ദാനം വെറുതയാകും. ഇതെല്ലാം മുരളീധരനും അറിയാം. ഏതായാലും തൽകാലം പൊതു രംഗത്ത് നിന്നും മാറ്റി നിൽക്കാൻ തന്നെയാണ് മുരളീധരന്റെ തീരുമാനം. എഐസിസിയിൽ ഉന്നത പദവിയും മുരളീധരന് കോൺഗ്രസ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പാലക്കാട് നിയമസഭയിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ഇവിടെ മത്സരിക്കാനും മുരളിക്ക് താൽപ്പര്യമില്ലെന്നതാണ് വസ്തുത. അതിന്റെ സാധ്യതകളും സുധാകരൻ തേടുന്നുണ്ട്.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. വടകരയിൽ ജയിച്ച ഷാഫി പറമ്പിൽ തന്റെ പിൻഗാമിയായി കാണുന്നത് രാഹുലിനെയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പാലക്കാട്ട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും തുടങ്ങി. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനാണ് മുന്തിയ പരിഗണന കോൺഗ്രസ് നൽകുന്നത്. ആലത്തൂരിൽ തോറ്റ രമ്യയ്ക്ക് ചേലക്കരയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇതിനിടെയാണ് മുരളീധരന്റെ തോൽവിക്ക് ശേഷമുള്ള പിണക്കം കെപിസിസിക്ക് തലവേദനയാകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതായതിനെത്തുടർന്ന് സംഘടനയ്‌ക്കെതിരേ മുരളീധരൻ രംഗത്തെത്തിയിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസുമെത്തി. ഇക്കാര്യങ്ങളും ഇന്ന് ചർച്ചയായേക്കും. ഇതോടെ തോൽവി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. പല നേതാക്കളുടെയും പദവികൾ തെറിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബിജെപി.യുടെ സുരേഷ് ഗോപി 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 412338 വോട്ടുകളും അദ്ദേഹം നേടി.

അതേസമയം, വൻ വിജയപ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് തൃശ്ശൂരിലെ കോൺഗ്രസിൽ കലഹമാരംഭിച്ചത്. മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ ഒന്നാമത് എത്തിയത് മുരളീധരനെ തളർത്തിയത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയാണ്.