- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവിട്ടി പുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ല; കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല; ആരും തന്നെ വിമര്‍ശിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: വയനാട് ക്യാമ്പില്‍ കെ മുരളീധരനെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അത്തരം ആരോപണങ്ങള്‍ തള്ളുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. താനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ചു കെ മുരളീധരനും രംഗത്തുവന്നു. ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.
കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. ടി.എന്‍.പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്ക് എതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കള്‍ കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണം. അല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല. തന്റെ വോട്ട് തിരുവനന്തപുരത്താണ്. അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കും. ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍ ഒടിച്ചതിന് പിന്നില്‍ ഇരുട്ടത്തിരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരാണെന്നും അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്നും പറഞ്ഞ കെ മുരളീധരന്‍, തിരുവനന്തപുരം ഡിസിസി യോഗത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.
അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെ.പി.സി.സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ കെ. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനം നടന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപനും പ്രതികരിച്ചു. ക്യാമ്പ് എക്‌സിക്യുട്ടീവിന്റെ ഒരു ചര്‍ച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധിയും വിമര്‍ശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രതിനിധികള്‍ അല്ലാത്ത പാര്‍ട്ടി ശത്രുക്കള്‍ മന:പൂര്‍വ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കെ. മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വം പാര്‍ട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തി ഒരു പ്രവര്‍ത്തനത്തിനും കെ.പി.സി.സി മുതിരില്ല. തെരത്തെടുപ്പ് പരാജയത്തിന്റെ പേരില്‍ ആരെയും ബലിയാടാക്കുന്നതല്ല പാര്‍ട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും എല്ലാവരെയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങള്‍ക്കായി പാര്‍ട്ടിയെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോവുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിയെ മോശമാക്കാന്‍ പാര്‍ട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തും.
കോണ്‍ഗ്രസിനെയും പ്രത്യേകിച്ച് എന്നെയും വ്യക്തിപരമായി ദ്രോഹിക്കാന്‍ കുറെ നാളുകളായി മന:പൂര്‍വ്വം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നല്‍കുന്നതോടൊപ്പം നിയമ നടപടികളും സ്വീകരിക്കും. മാധ്യമ എത്തിക്‌സുകള്‍ മറന്ന് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ഉത്തരവാദപ്പെട്ട മാധ്യമ ഫോറങ്ങളിലും പരാതി നല്‍കും -ടി.എന്‍. പ്രതാപന്‍ അറിയിച്ചു.