കോഴിക്കോട്: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ. മുരളീധരൻ എംപി രംഗത്ത്. പത്മജയുടെ തീരുമാനത്തോട് അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നും മുരളീധരൻ പറഞ്ഞു.

പത്മജയെ കിട്ടിയതുകൊണ്ട് ബിജെപിക്ക് കാൽക്കാശിന്റെ ഗുണം ചെയ്യില്ല. പത്മജക്ക് എന്നും കോൺഗ്രസ് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണ്. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ തെരഞ്ഞെടുപ്പെന്നും മുരളീധരൻ ചോദിച്ചു.

പത്മജയ്ക്ക് കോൺഗ്രസ് മുന്തിയ പരിഗണനയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 52,000 വോട്ടിന് കെ. കരുണാകരൻ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പിൽ രാമകൃഷ്ൻ വിജയിച്ച സീറ്റിൽ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയിൽ തൃശ്ശൂരിൽ തൃകോണമത്സരത്തിൽ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികൾ കാലുവാരിയാൽ തോൽക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കിൽ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാൻ പരാതിപ്പെടാൻ പോയിട്ടില്ല', കെ. മുരളീധരൻ പറഞ്ഞു.

പത്മജ പറഞ്ഞ ഒരുകാരണത്തിനും അടിസ്ഥാനമില്ല. ഇത്രയും വളർത്തിവലുതാക്കിയ പാർട്ടിയല്ലേ കോൺഗ്രസ്. കോൺഗ്രസുവിട്ടുപോയപ്പോൾ എൽഡിഎഫും യുഡിഎഫും എടുക്കാത്ത കാലത്ത് ബിജെപിയുമായി താൻ കോംപ്രമൈസ് ചെയ്തിട്ടില്ല. കെ കരുണാകരൻ ഒരുകാലത്തും വർഗീയതയോട് സന്ധിചെയ്തിട്ടില്ല. അങ്ങനെയുള്ള കരുണാകരന്റെ കുടുംബത്തിൽനിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുന്നത് മതേതരവിശ്വാസികൾക്ക് ദുഃഖം നൽകുന്ന കാര്യമാണ്.

പാർട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓർക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ല. അച്ഛൻ സാമ്പത്തിക പ്രയാസം ധാരാളം അനുഭവിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല.

1978 ൽ പാർട്ടി പിളർന്നപ്പോൾ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി, അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. വടകരയിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വർഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരൻ പറഞ്ഞു. വർക്ക് അറ്റ് ഹോമിലുള്ളവർക്ക് ഇത്ര പരിഗണന പോരെയെന്നും അദ്ദേഹം ചോദിച്ചു.