- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെറുതേ ചൊറിഞ്ഞ് കെ മുരളീധരൻ പണി വാങ്ങുമോ? പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; ലോക്സഭയിൽ മത്സരിക്കില്ലെന്ന് ആവർത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന് സംസ്ഥാന നേതാക്കൾ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ ശാന്തമായിരിക്കുന്ന അന്തരീക്ഷത്തിൽ എന്തെങ്കിലും പറഞ്ഞ് ചൊറിയുക എന്നത് കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പതിവു പരിപാടിയാണ്. പലതവണ നേതൃത്വം ശാസന നൽകിയിട്ടും അതൊന്നും തന്നെ ബാധിക്കില്ലെന്ന വിധത്തിലാണ് മുരളീധരന്റെ മുന്നോട്ടു പോക്ക്. ഇനി വടകരയിൽ ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്നാണ് മുരളീധരന്റെ നിലപാട്. ഇത്് പരസ്യമായി പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്.
അതൃപ്തികൾ പാർട്ടി ഫോറത്തിൽ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകൾ നടത്തുന്നത്. ഇങ്ങനെ നിരന്തരം പരസ്യ വിമർശനം ഉന്നയിക്കുന്ന മുരളീധരനെതിരെ അതൃപ്തിയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. മുരളീധനരനെ ഇനി അനുനയിപ്പിക്കേണ്ട എന്ന നിലപാടിലാണ് സംസഥാന നേതാക്കൾ. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നും ധാരണയായിട്ടുണ്ട്. നാളെത്തെ കെപിസിസി ഭാരവാഹി യോഗത്തിലും മുരളിക്കെതിരെ വിമർശനം ഉയർന്നേക്കുമെന്നാണ് സൂചന.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് പറയുകയാണ് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന് ഊർജ്ജം നൽകുന്നു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടാത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി രംഗത്തെത്തിയിരുന്നു. സ്ഥിരം സ്റ്റാർ ആയതുകൊണ്ട് താരപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രശ്‌നമില്ല. ആരോടും ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്.
അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. വടകരയിൽ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാൻ ജ്യോത്സ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിരന്തരമായി മുരളീധരൻ പരാതികളുമായി രംഗത്തുവരുന്നു. ഇത് നേതൃത്വത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മുരളീധരന്റെ പ്രശ്‌നം കേന്ദ്രനേതൃത്വം പരിഹരിക്കട്ടെ എന്നതിലാണ് നേതൃത്വത്തിന്റെ നിലപാട്.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനെയും മുരളീധരൻ വിമർശിച്ചിരുന്നു. പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ പുതുപ്പള്ളിയിലെ സംഘടനാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചു എന്നായിരുന്നു മുരളീധരന്റെ വിമർശനം. സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്താൻ പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ ഉപദേശമായി മാത്രം അതിനെ കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി.
കെ.മുരളീധരൻ കോൺഗ്രസിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണെന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. ''യുവാക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്ന മുരളീധരന്റെ പ്രസ്താവനയെ മുതിർന്ന നേതാവിന്റെ ഉപദേശമായി കാണുന്നു. അദ്ദേഹത്തിനെ പോലെ മുതിർന്ന നേതാക്കളുടെ ഉപദേശം പാർട്ടിയെ മുന്നോട്ടു നയിക്കാൻ അത്യാവശ്യമാണ്. അദ്ദേഹം തിരിഞ്ഞു നിന്നു പറയുന്നതും പാർട്ടി അതിന്റേതായ ഗൗരവത്തോടെ തന്നെ പരിഗണിക്കും'' സതീശൻ പറഞ്ഞു.




