കണ്ണൂർ: തൃശൂരിലെ കനത്ത തോൽവിയോടെ പിണങ്ങിയ കെ മുരളീധരനെ അനുനയിപ്പിക്കാൻ വയനാട് ലോക്‌സഭാ സീറ്റിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടക്കുന്നത്. രാഹുൽ ഗാന്ധി രാജിവച്ചാൽ മുരളി അവിടെ മത്സരിക്കട്ടെ എന്നതാണ് കോൺഗ്രസിന്റെ ലൈൻ. മാധ്യമങ്ങൾ അത്തരം ചോദ്യങ്ങളുമായി രംഗത്തുണ്ട്. എന്നാൽ, നേതാക്കളാകും ഇതേക്കുറിച്ചു ചർച്ചകൾ നടത്തുന്നില്ല. അതേസമയം ഇപ്പോൾ മൗനം പുലർത്തുന്ന മുരളീധൻ നോട്ടം വെക്കുന്നത് കെപിസിസി അധ്യക്ഷ പദവിയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുമാണ് എന്നാണ് സൂചന.

അതേസമയം യുഡിഎഫിനേറ്റ തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും കുറ്റക്കാരായി കാണാൻ സാധിക്കില്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ചില മാധ്യമങ്ങൾ കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. അതിൽ താൻ വീഴില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വയനാട് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇക്കാര്യം തീരുമാനിക്കുന്നത് താനല്ല. തീരുമാനമെടുക്കുന്നതിന് മുമ്പേ ഊഹാപോഹം പറയാൻ താനില്ല. കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്ന കാര്യം യുഡിഎഫാണ് തീരുമാനിക്കേണ്ടത്. ഉടൻ ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

കെ മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കണ്ണൂരിലെ നിയുക്ത എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ പറഞ്ഞു. കെ മുരളീധരൻ എവിടെ മത്സരിപ്പിക്കാനും യോഗ്യനാണ്. ആദ്യം അതിന് രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണം. വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളീധരന് നൽകാം. താൻ അതിൽ കടിച്ചു തൂങ്ങില്ലെന്നും സുധാകരൻ പറഞ്ഞു.

തൃശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ച ഇല്ല. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ പ്രതികരിച്ചു. മുന്നണിയിൽ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണിത്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

ഇതിനിടെയാണ് കെ.മുരളീധരൻ മത്സരിക്കുന്നതിനെക്കുറിച്ചുമെല്ലാം അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ അതിനെക്കുറിച്ചുള്ള ചർച്ചകളിലേക്കു കടക്കാതെ വയനാട്ടിലെ കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധി വയനാട് ഒഴിവാക്കിയാൽ മാത്രമല്ലേ അത്തരം ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നാണ് കോൺഗ്രസ് ജില്ലാ നേതാക്കളുടെ ചോദ്യം. രാഹുൽ ഗാന്ധി വയനാട് നിലനിർത്തി റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കട്ടെ എന്ന അഭിപ്രായമാണ് വയനാട്ടിലെ കോൺഗ്രസിന്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാൻ മുരളി തയാറാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരിക്കും മുരളിക്ക് താൽപര്യമെന്നാണ് നേതാക്കളും വിലയിരുത്തുന്നത്. അടുത്ത തവണ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ എത്തിയാൽ മുരളിക്ക് മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. ലോക്‌സഭയിലേക്ക് വയനാട്ടിൽ നിന്നു മത്സരിച്ച് ജയിച്ചാൽ എംപിയാകാനേ സാധിക്കൂ.

രാഹുൽ ഗാന്ധിക്ക് വയനാട്ടിലേക്കാൾ ഭൂരിപക്ഷം റായ്ബറേലിയിലുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കണമെങ്കിൽ രാഹുൽ ഉത്തർപ്രദേശിൽ തുടരണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും സഖ്യകക്ഷികളുടെയും താൽപര്യം. രാഹുൽ അത് പരിഗണിച്ചാൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെ വന്നാൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന നിലപാടായിരിക്കും ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.