കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നതെന്നും അല്ലെങ്കിൽ നാറുമെന്നും വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാടെന്നും കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാൻഡ് എടുത്ത തീരുമാനം അംഗീകരിക്കുന്നു. അതിനർഥം പരാതി ഇല്ലെന്നല്ല, എന്നാൽ സ്ഥിരം പരാതിക്കാരാനാവാൻ താൻ ഇല്ലെന്നും കെ മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭാ സീറ്റിൽ ഇരുപതിൽ ഇരുപതും ജയിക്കണമെന്നാണ് ആഗ്രഹം. ഇനിയൊരു അനാവശ്യവിവാദം വേണ്ടെന്നാണ് തീരുമാനം. ജനം കാര്യമായ ഉത്തരവാദിത്വമാണ് യുഡിഎഫിനെ ഏൽപ്പിച്ചത്. അത് വിമർശനം കൊണ്ട് ഇല്ലാതാവുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാവരുത്. ഹൈക്കമാൻഡ് എടുത്ത തീരുമാനം അംഗീകരിക്കുക. അതിനെ ചോദ്യം ചെയ്യാനില്ല. ഇത് ചോദ്യം ചെയ്യുന്നവർ പുറത്തുപോകേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.

വിഴുപ്പലക്കുക എന്ന പ്രയോഗത്തോട് തനിക്ക് യോജിപ്പില്ല. വിഴുപ്പ് അലക്കിയാൽ അല്ലേ പിന്നെയും ആ തുണി ഉപയോഗിക്കാൻ പറ്റുക. മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നത്. അല്ലെങ്കിൽ നാറും. വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാട്. വിഴുപ്പുകൾ ഉണ്ടെങ്കിൽ അത് അലക്കിയാൽ ശുദ്ധമായി ഉപയോഗിക്കാം മുരളീധരൻ പറഞ്ഞു. തങ്ങളെല്ലാം ഹൈക്കമാൻഡിന് കീഴടങ്ങിയ പാർട്ടി നേതാക്കളാണ്. ഹൈക്കമാൻഡാണ് സുപ്രീം. ആരുപറഞ്ഞാലും അനുസരിക്കില്ലെന്ന് പറഞ്ഞാൽ പാർട്ടിയിൽ നിൽക്കാൻ പറ്റുമേ?. ഞങ്ങളുടെ പ്രയാസങ്ങളൊക്കെ പറഞ്ഞു എന്നുവരുമെന്നും മുരളീധരൻ പറഞ്ഞു.

ലോക്സഭയിലേക്ക് മത്സരിക്കാതെ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; മത്സരംഗത്തേക്ക് ഇല്ലെന്നാണ് താൻ പാർട്ടിയെ അറിയിച്ചത്. പാർലമെന്റിലേക്കും ഇല്ല, രണ്ട് കൊല്ലം കഴിഞ്ഞ് നിയമസഭയിലേക്കും ഇല്ല. നിയമസഭയിലേക്ക് എന്നുപറയാൻ അത്രയ്ക്ക് ചീപ്പായിട്ടൊന്നും പറയുന്ന ആളല്ല താനെന്നും മുരളീധരൻ പറഞ്ഞു. പുതുപ്പള്ളിയിലെ വിജയത്തിനുള്ള ക്രഡിറ്റ് യുഡിഎഫാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിഡി സതീശൻ പ്രതിപക്ഷ നേതാവ് എന്ന നല്ലരീതിയിൽ പ്രവർത്തിച്ചു. എല്ലാവരും ഏൽപ്പിച്ച ജോലി ചെയ്തു. യുഡിഎഫ് ഒറ്റക്കെട്ടാണ് തോന്നിയപ്പോൾ ജനം വോട്ട് ചെയ്തു. നാളെയും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്തുവരെ പുറത്തുകൊണ്ടുവരണം. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കെട്ടുകഥകൾ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് തെറ്റാണ് ക്രൂരമാണ്. ഉമ്മൻ ചാണ്ടിയോട് ഇത് രണ്ടും ചെയ്തു. ഇത് ഭാവിയിൽ ആവർത്തിക്കരുത്.സിബിഐ റിപ്പോർട്ട് ആയതുകൊണ്ട ജ്യൂഡിഷ്യൽ അന്വേഷണമാണ് നല്ലതെന്നും മുരളീധരൻ പറഞ്ഞു.