- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല; ബാലൻ കേസ് വാദിച്ചാൽ സൈക്കിൾ ഇടിച്ച കേസിലും വധശിക്ഷ; എ കെ ബാലനെ പരിഹസിച്ചു കെ മുരളീധരൻ
കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ സിപിഎം നേതാവ് എ കെ ബാലനെ പരിഹസിച്ച് കെ മുരളീധരൻ എംപി. ബാലൻ കേസ് വാദിച്ചാൽ സൈക്കിൾ ഇടിച്ച കേസിലും വധശിക്ഷ ലഭിക്കും. അതുപോലെയാണ് ബാലന്റെ പാർട്ടിക്കു വേണ്ടിയുള്ള പ്രവർത്തനം. ഫലസ്തീൻ വിഷയത്തിൽ ഒരേ ആശയക്കാരെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഫലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. റാലി നടത്തി ആരൊക്കെയാണ് ഇളകി നിൽക്കുന്നത്, അവരെയൊക്കെ ഇളക്കാൻ മാർഗമുണ്ടോ എന്നു നോക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അവർ സത്യത്തിൽ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ച് നുണപ്രചാരണം കൊണ്ട് നേട്ടമുണ്ടാക്കാൻ നോക്കുകയാണ്. കോൺഗ്രസിന് എല്ലാക്കാലത്തും ഒരേ നയമാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങളുടെ നയത്തിൽ വെള്ളം ചേർത്തിട്ടില്ല.
ശശി തരൂരിന്റെ ഒരു വാചകത്തിൽ പിടിച്ചിട്ടാണ് സിപിഎം പറയുന്നതെങ്കിൽ, അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് എതിരാണെന്ന പ്രചാരണമാണ് ഇവർ നടത്തുന്നത്. ആര്യാടൻ ഷൗക്കത്തിന് കെപിസിസി നോട്ടീസ് അയച്ചത് ഈ വിഷയം മാത്രം കണക്കിലെടുത്തല്ല. അവിടെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യമായ ചില പ്രതികരണങ്ങളും തെരുവിൽ പ്രകടനങ്ങളുമുണ്ടായിരുന്നു.
അതിന്റെ ഭാഗമായിട്ടാണ് ഈ വിഷയത്തെയും കോൺഗ്രസ് നേതൃത്വം കണ്ടത്. ഫലസ്തീൻ വിഷയത്തിൽ മലപ്പുറം ഡിസിസി ഔദ്യോഗികമായി ഐക്യദാർഢ്യ സമ്മേളനം നടത്തിയതാണ്. ഞാനും ആര്യാടൻ ഷൗക്കത്തും ഉൾപ്പെടെ ഇതിൽ പങ്കെടുത്തതാണ്. അതേ സ്ഥലത്ത് വീണ്ടും ഐക്യദാർഢ്യം എന്നു പറയുമ്പോ, മുമ്പ് മണ്ഡലം പ്രസിഡന്റുമാരെ വെച്ചതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനങ്ങളുടെ ഭാഗമായിട്ടാണ് കെപിസിസി അതിനെയും കണ്ടത്. അതു കൊണ്ടാണ് കെപിസിസി ഷൗക്കത്തിന് നോട്ടീസ് അയച്ചത്.
അതല്ലാതെ, ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിലാണ് നോട്ടീസ് എന്നു പറഞ്ഞാൽ, ഡിസിസി ഔദ്യോഗികമായി നടത്തിയതല്ലേ എന്ന് മുരളീധരൻ ചോദിച്ചു. അതിൽ പങ്കെടുത്ത ആർക്കെതിരെയും നോട്ടീസ് നൽകിയിട്ടില്ലല്ലോ. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെപ്പോലും തെറ്റായി ചിത്രീകരിച്ച് അങ്ങേയറ്റം മോശമായിട്ടുള്ള തരംതാണ രാഷ്ട്രീയപ്രവർത്തനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനോ യുഡിഎഫിനോ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ഞങ്ങളെല്ലാം ഫലസ്തീന്റെ ഒപ്പമാണ്. പക്ഷെ ഒരു മുന്നണിയിലുള്ള ചിലരെ ക്ഷണിക്കുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം കാണിച്ചത്. ഫലസ്തീൻ വിഷയത്തിൽ ഒരേ സമീപനം പുലർത്തുന്നവരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ലീഗ് ആശയത്തോട് യോജിപ്പുണ്ടെങ്കിലും, റാലിയിൽ പങ്കെടുക്കാൻ സാങ്കേതികമായി തടസ്സമുണ്ടെന്ന് അറിയിച്ചത്. കെ മുരളീധരൻ വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി വിട്ട് ഓട്ടോയിലും ചെണ്ടയിലും കയറിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ പോലും തെറ്റായി ചിത്രീകരിച്ച് കൊണ്ട് അങ്ങേയറ്റം തരംതാണ രാഷ്ട്രീയ പ്രവർത്തനമാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തികൊണ്ടിരിക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ ഒരേ സ്റ്റാൻഡ് സ്വീകരിച്ച രണ്ടുപാർട്ടികളിൽ ഒരു കൂട്ടരെ മാറ്റിനിർത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതുകൊണ്ടാണ് റാലിയിൽ പങ്കെടുക്കുന്നില്ലെന്ന് ലീഗ് പ്രഖ്യാപിച്ചത്. അല്ലാതെ കോൺഗ്രസ് വിലക്കാണ് മുസ്ലിം ലീഗ് എവിടെയും പറഞ്ഞിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.




