- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; കെ.മുരളീധരൻ
കോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എംപി. സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. നാളെ പ്രധാനമന്ത്രി ഭക്ഷണ കഴിക്കാൻ തന്നെ വിളിച്ചാൽ താൻ പോകുമെന്നും മുരളീധരൻ പറഞ്ഞു.
സ്വന്തം അന്തർധാര മറച്ച് പിടിക്കാൻ മാർകിസ്റ്റ് പാർട്ടി കാണിക്കുന്ന പാപ്പരത്തമാണിപ്പോഴത്തെ വിമർശനം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയിൽ സ്വീകരിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല. ഇക്കാര്യത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രേമചന്ദ്രനൊപ്പം നിലകൊള്ളും. ബിജെപിയാണ് കോൺഗ്രസിന്റെ ശത്രു. കേരളത്തിലും രാജ്യത്താകെയും ബിജെപി തന്നെയാണ് ശത്രുവെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫിനകത്ത് സീറ്റ് സംബന്ധിച്ച തർക്കങ്ങളില്ല. ഏത് വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് വിവാദത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പ്രതികരണം. തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണ്. എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബിജെപിക്കാരും പങ്കെടുത്തിട്ടുണ്ടെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
'പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ആർ.എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമം' എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻ.ഡി.എ സർക്കാറിനെതിരെ ശക്തമായ നിലപാടെടുത്തത് താനാണ്. എളമരം കരീമിന് സംശയമുണ്ടെങ്കിൽ പാർലമെന്റിലെ പ്രസംഗം പരിശോധിച്ചാൽ മതിയെന്നും എൻ.കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.