തൃശൂർ: തൃശ്ശൂർ മണ്ഡലത്തിലെ ഇടതു പ്രചരണങ്ങളെ എതിർത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്ന് മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളെ ഉന്നമിട്ടു കൊണ്ടാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

'അഴീക്കോടൻ രാഘവന്റെ സ്മരണാർഥം നടത്തിയ റാലിയിൽ പിണറായി വിജയൻ മുഴുവൻ സമയവും ചീത്ത വിളിച്ചത് രാഹുൽ ഗാന്ധിയെയാണ്. 48 മണിക്കൂർ കഴിഞ്ഞ് രാഹുൽ ഗാന്ധി എത്തിയപ്പോൾ ശക്തമായി വിമർശിച്ചതു നരേന്ദ്ര മോദിയെയും. ഒരക്ഷരം പോലും പിണറായിക്കെതിരെ പറഞ്ഞില്ല. ഇതിൽ നിന്നു തന്നെ നമുക്കറിയാം, ഏതാണ് തനി തങ്കം ഏതാണ് ചെമ്പ് എന്ന്. തൃശൂർകാർ നേരിട്ട് അനുഭവിച്ചതാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കയാണ്. പിണറായിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതു മുഴുവൻ രാഹുലിനോടാണ്. ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിച്ചിട്ടില്ല. മോദിയോടു ചോദിച്ചാൽ തന്റെ മകൾ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാൾ ആർഎസ്എസിന്റെ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്.

എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരൻ എന്ന ദുഷ്‌പേര് ഭാവിയിൽ പിണറായിക്കുണ്ടാകും. ഈ തിരഞ്ഞെടുപ്പ് മോദി പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കും.

ചില തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി കാണുന്നതിനു മുൻപേ തൃശൂർ കണ്ട ആളാണു ഞാൻ. യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും." മുരളീധരൻ പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച മുരളീധരൻ, ചില സ്ഥാനാർത്ഥിയെ ചിലർ വീട്ടിൽ പോലും കയറ്റാത്തത് നമ്മൾ സമീപ ദിവസങ്ങളിൽ കണ്ടുവെന്നായിരുന്നു പരിഹസിച്ചു. മോദി വന്നപ്പോൾ മലപ്പുറം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ വാഹനത്തിൽ കയറ്റിയില്ല. ഇത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണം. വീട്ടിൽ വരുന്ന അതിഥികളോട് നന്നായി പെരുമാറുന്നതാണ് ഞങ്ങളുടെ സംസ്‌കാരം. വീട്ടിൽ കയറ്റിയതുകൊണ്ട് കരുണാകരന്റെ പേരിൽ ഒരൊറ്റ വോട്ട് നേടാമെന്ന് ബിജെപി കരുതണ്ടയെന്നും കെ. മുരളീധരൻ വ്യക്തമാക്കി.