കോഴിക്കോട്: മദ്യനയം മാറ്റാനുള്ള ചർച്ച നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെ ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ചീഫ് സെക്രട്ടറി നിർദേശ പ്രകാരം ടൂറിസം വകുപ്പ് ചർച്ച മന്ത്രിമാർ അറിഞ്ഞില്ലെന്നത് കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബാർകോഴ അന്വേഷണത്തിൽ നിന്ന് എക്‌സൈസ്, ടൂറിസം മന്ത്രിമാരെ മാറ്റിനിർത്താൻ കഴിയില്ല. മന്ത്രി മുഹമ്മദ് റിയാസ് അറിയാതെ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകുമോ എന്ന് മുരളീധരൻ ചോദിച്ചു. റിയാസിന്റെ അനുമതിയോടെ യോഗം വിളിക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയുമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

സുപ്രഭാതം ഗൾഫ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സമ്മർദമുണ്ടായിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തതിനാൽ വിവാദമാക്കേണ്ടെന്ന് കരുതി. അത്തരം പ്രശ്‌നങ്ങൾ ഇല്ലാത്തതിനാലാണ് മാധ്യമ സെമിനാറിൽ പങ്കെടുത്തതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് സംസ്ഥാനത്ത് വീണ്ടും ബാർ കോഴ എന്ന ആരോപണം ഉയരാൻ കാരണമായത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. "ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്‌സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്" ശബ്ദ സന്ദേശത്തിൽ പറയുന്നത്.