തിരുവനന്തപുരം: തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിലെ തുടർന്നു പിണങ്ങിയ കെ മുരളീധരനെ അനുയയിപ്പിക്കാൻ ശ്രമം ശക്തമാക്കിയിരിക്കയാണ് കോൺഗ്രസ്. ഇതിനിടെ പ്രതികരണഴുമായി മുരളീധരനും രംഗത്തുവന്നു. ഭാവി നടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിരവധി യുഡിഎഫ് നേതാക്കൾ വിളിച്ചിരുന്നു. തോൽവിയിൽ ആശ്വസിപ്പിക്കുന്നു. എന്നാൽ ഭാവി നടപടി എന്തു സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. വയനാട്ടിൽ പ്രിയങ്കാഗാന്ധി മത്സരിച്ചേക്കുമെന്നും കെ മുരളീധരൻ ഒരു മാധ്യമത്തോട് പറഞ്ഞു.

അതേസമയം തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കാലുവാരൽ ഉണ്ടായിട്ടില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. സ്ഥാനാർത്ഥിയെന്ന നിലയിൽ മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോൽപ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.

കെ മുരളീധരൻ പരാതികൾ ഉന്നയിച്ചെങ്കിലും തോൽവിയിലേക്ക് നയിച്ചത് സംഘടനാ പ്രശ്‌നങ്ങളോ കുതികാൽ വെട്ടലോ അല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂർ കോൺഗ്രസ്സിൽ സംഘടനാ പ്രശ്‌നങ്ങൾ പലതുണ്ട്. നേതൃത്വത്തിന് അത് ബോധ്യവുമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അത് അത്രമേൽ നിഴലിച്ചിട്ടുണ്ടോയെന്ന് നേതൃത്വം പരിശോധിക്കും.

ക മുരളീധരന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് നേതൃത്വന്റെ വിലയിരുത്തൽ. ഒപ്പം, സാമുദായിക സമവാക്യങ്ങളും ന്യൂനപക്ഷവോട്ടുകളിലെ വിള്ളലും മുരളിക്ക് തിരിച്ചടിയായി. ഈ അടിയൊഴുക്കുകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണക്കമ്മീഷനെ വെച്ച് ഇക്കാര്യങ്ങൾ പഠിച്ച ശേഷം മാത്രമാകും തുടർ നടപടികൾ. തത്കാലത്തേക്ക്, തൃശൂർ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലയിലെ നേതാക്കൾക്കെതിരെ ഏകപക്ഷീയ നടപടി വേണ്ടെന്നാണ് കെപിസിസി നിലപാട്.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണെന്നും, ഇനി മത്സരത്തിനില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപന ദിവസം തൃശൂരിൽ നിന്നും കോഴിക്കോട്ടെ വീട്ടിലെത്തിയ മുരളീധരൻ വീട്ടിൽ വിശ്രമിക്കുകയാണ്. തൃശൂരിൽ മൂന്നാം സ്ഥാനത്താണ് മുരളീധരൻ എത്തിയത്.

പിണങ്ങി നിൽക്കുന്ന മുരളീധരനെ അനുനയിപ്പിക്കാനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. 50 മിനിറ്റോളം സുധാകരൻ മുരളീധരനുമായി ചർച്ച നടത്തി. മുരളീധരൻ ഉന്നയിച്ച എല്ലാ വിഷയങ്ങളും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ പറഞ്ഞു. മുരളീധരൻ ഒരു ഡിമാൻഡും മുന്നോട്ടു വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂരിൽ ഗുരുതരമായ സംഘടനാ വീഴ്ചയാണ് മുരളീധരന്റെ തോൽവിക്ക് കാരണമായത്. അന്വേഷണത്തിന് ശേഷം പരിഹാര നടപടികൾ ഉണ്ടാകും. മുരളീധരൻ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളുടെ പാർട്ടിയുടെ നേതാവായി തുടരുമെന്ന് ഉറപ്പുണ്ട് എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. മുരളീധരൻ ഏതു സ്ഥാനത്തിനും ഫിറ്റാണെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. എന്നാൽ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ കെ മുരളീധരൻ തയ്യാറായിട്ടില്ല.