കോഴിക്കോട്: തൃശ്ശൂരിലെ കനത്ത തോൽവിയെ തുടർന്ന് തൽക്കാലം പൊതുരംഗത്തു നിന്നും വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ വീണ്ടും നിലപാട് ആവർത്തിച്ചു രംഗത്തുവന്നു. ഇനി പൊതുതിരഞ്ഞെടുപ്പൽ മത്സരിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. തൽകാലം പൊതുരംഗത്തേക്കില്ലെന്നും സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും തമ്മിൽ തല്ലിയാൽ വരും തിരഞ്ഞെടുപ്പുകളിൽ തോൽവിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരൻ.

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തൽക്കാലം ഇല്ല. സ്ഥാനാർത്ഥിയായോ പാർട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് വരുമ്പോൾ സജീവമാകും. തിരഞ്ഞടുപ്പിൽ പ്രചാരണ രംഗത്ത് ഉണ്ടാവും. തോൽവിയിൽ ഒരു നേതാക്കളെയും കുറ്റപ്പെടുത്താൻ ഇല്ല. പലരും പലതും പറയും ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തിരഞ്ഞടുപ്പിൽ പഠിച്ച പാഠമെന്നും മുരളീധരൻ പറഞ്ഞു.

എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ട് പോവില്ല. വടകരയിൽ ഞാനാണ് തെറ്റുകാരൻ. അവിടുന്ന് പോവേണ്ട കാര്യം ഇല്ലായിരുന്നു. ഇനി എവിടേക്കും ഇല്ല. എന്തെല്ലാം പോയാലും ഈ വീട് ഇവിടെ ഉണ്ടാവും. രാജ്യസഭയ്ക്ക് ഞാൻ എതിരല്ല. രാജ്യസഭയിൽ പോയാൽ എനിക്ക് എന്തോ അസുഖം ഉണ്ടെന്നാണ്. അതുകൊണ്ട് രാജ്യസഭയിലേക്കില്ല. തന്റേത് വിമതസ്വരമല്ലെന്നും തനിക്ക് ഇത്രയേ അച്ചടക്കം ഉള്ളൂ എന്നും മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡ് ഇല്ല. അതുകൊണ്ട് വയനാട്ടിലേക്ക് ഇല്ല. ഒരാൾക്കെതിരെയും പരാതി ഇല്ല. എന്റെ തോൽവിയിൽ അന്വേഷണ കമ്മീഷൻ വേണ്ട. അന്വേഷണ കമ്മീഷൻ വന്നാൽ വീണ്ടും തർക്കം ഉണ്ടാവും. പല കമ്മീഷൻ റിപ്പോർട്ടുകളും ഞാൻ കണ്ടിട്ടുണ്ട്. കത്തോലിക്ക വോട്ടിൽ വിള്ളൽ ഉണ്ടായി എന്നാണ് മനസിലാക്കുന്നത്. 18 സീറ്റ് എന്ന വലിയ വിജയം കിട്ടിയ ഈ സമയത്ത് സുധാകരനെ മാറ്റുന്നത് ശരിയല്ല. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണം എന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയിൽ പോകുന്നതിനേക്കാൾ നല്ലത് വീട്ടിൽ ഇരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കര ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് വരാൻ പോകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോകുന്നു. തമ്മിൽ തല്ലിയാൽ തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടാകും. കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കണം. ഇനിയും അടി തുടർന്നാൽ കോൺഗ്രസിന്റെ മുഖം വികൃതമാകും. അത് കോൺഗ്രസിന്റെ വിജയത്തിനേയും ബാധിക്കും. പ്രവർത്തകർ അച്ചടക്കം പാലിക്കണം. അപ്രതീക്ഷിത തോൽവി ഉണ്ടാവുമ്പോൾ പ്രവർത്തകർ പല രീതിയിൽ പ്രതികരിച്ചേക്കും. വികാര പ്രകടനം തീർന്നു. ഇനി അതിൽ പാർട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നും മുരളീധരൻ പറഞ്ഞു.

തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്ത വന്നു. പരമ്പരാഗത വോട്ടുകൾ കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും ഒരു പരാതിയും താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. മുരളി പറഞ്ഞു.