കോഴിക്കോട്: തന്റെ പഴയ സിപിഐ കാലം ഓർത്ത് ഫേസ് ബുക്കിൽ നിരന്തരം പോസ്റ്റുകളിട്ട് മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ എൻ എ ഖാദർ. ഖാദറിന്റെ പോസ്റ്റുകളും അതിന് വരുന്ന കമന്റുകൾക്ക് അദ്ദേഹം നൽകുന്ന മറുപടികളും തിരികെ സി പിഐയിലേക്ക് പോകുന്നതിനുള്ള സൂചനകളാണെന്ന് മുസ്ലിം ലീഗ്-സിപിഐ പ്രവർത്തകർ വിശ്വസിക്കുന്നു. നേരത്തെ ആർ എസ് എസ് സാംസ്കാരിക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം പാർട്ടിയിൽ അവഗണന നേരിട്ട സാഹചര്യത്തിൽ ഖാദർ ചില സിപിഐ നേതാക്കളുമായി ചർച്ച നടത്തിയതായി ലീഗ് നേതൃത്വത്തിന് സൂചന ലഭിച്ചിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ഖാദർ സി പിഐ യിൽ ചേരുമെന്നായിരുന്നു അക്കാലത്തെ പ്രചരണം. എന്നാൽ അന്ന് അദ്ദേഹത്തിനെതിരെ പാർട്ടിയിൽ നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ നിരന്തരം അവഗണനയാണ് ഖാദറിന് പാർട്ടിയിൽ ലഭിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ ചർച്ചയാകുന്നത്. താനുൾപ്പെടെന്ന പാർട്ടി പരിപാടികളുടെ ഫോട്ടോകളാണ് അദ്ദേഹം ഫേസ് ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. 1976 ലെ എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ അച്ചുതമേനോൻ ഉദ്ഘാടനം ചെയ്യുന്നതും സിപി ഐ മലപ്പുറം ജില്ലാ സമ്മേളനം അച്ചുതമേനോൻ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹം ഫേസ് ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

എം എൻ ഗോവിന്ദൻ നായർ വടക്കമണ്ണയിലെ വീട്ടിൽ വന്ന ചിത്രവും ഉണ്ട്. സി എസ് ജോർജ്, പാലോളി അബ്ദുറഹഹ്മാൻ എന്നിവർക്കൊപ്പം സഹോദരന്മാരായ അബൂബക്കർ, കുഞ്ഞുമുഹമ്മദ് എന്നിവരും ചിത്രത്തിലുണ്ട്. തോപ്പിൽ ഗോപാലകൃഷ്ണൻ, കണിയാപുരം രാമചന്ദ്രൻ, പി കെ വാസുദേവൻ നായർ, ബിനോയ് വിശ്വം, അസീസ് പാഷ, കാനം രാജേന്ദ്രൻ എന്നിവർക്കൊപ്പം എ ഐ വൈ എഫ് പരിപാടിയുടെ വേദിയിൽ ഇരിക്കുന്ന ചിത്രവും ഫേസ് ബുക്കിലിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് താങ്കളെ പൊതുജനവും മുസ്ലിം ലീഗ് പാർട്ടിയും പരിഗണിക്കാതിരിക്കില്ല എന്നാണ് ഒരു പ്രവർത്തകന്റെ കമന്റ്. ഇതിന് വിശ്വാസം അതല്ലേ എല്ലാം എന്നാണ് ഖാദറിന്റെ മറുപടി. ഇതേ സമയം ഒരു മടക്കം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് പ്രതീക്ഷകൾ ഇല്ലെന്ന് മറുപടിയും നൽകുന്നു. ഇല്ലെന്ന് തറപ്പിച്ച് പറയാതെ പ്രതീക്ഷകൾ ഇല്ലെന്ന് വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ ആഗ്രഹത്തെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് ലീഗ് പ്രവർത്തകർ വ്യക്തമാക്കുന്നു.

ഒരിടത്ത് ജനനം ഒരിടത്ത് മരണം ചുമലിൽ ജീവിതഭാരം എന്നു പറയുന്ന ഖാദർ ആ കാലഘട്ടത്തിലാണ് താൻ രൂപപ്പെട്ടതെന്ന മറുപടിയും നൽകുന്നുണ്ട്. ഓർമ്മകൾക്കെന്ത് മധുരം എന്ന കമന്റിന് എല്ലാം ഒരു വേള മറന്നുവെന്നാണ് ഖാദറിന്റെ മറുപടി. ഒരു പുസ്തകമെഴുതാനുള്ള തീരുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ എഐഎസ് എഫ് കാലത്തെക്കുറിച്ച് വിശദമായി എഴുതാമെന്നും അദ്ദേഹം സിപിഐ പ്രവർത്തകരുടെ കമന്റിന് മറുപടി നൽകുന്നുണ്ട്. ഇതേ സമയം ലീഗിന്റെ കൂടെ കൂടിയതിന് ശേഷം ആണ് മൊഞ്ച് കൂടിയതെന്ന ലീഗ് പ്രവർത്തകന്റെ വാക്കുകൾക്ക് മൊഞ്ച് സത്യമാണെങ്കിലും അല്ലെങ്കിലും കേൾക്കാൻ സുഖം ഉണ്ട്. അത് ഒരു പാർട്ടിക്കും അവകാശപ്പെട്ടതല്ലെന്നും തറപ്പിച്ചു പറയുന്നു. ഇതെല്ലാം എന്തിന് കുത്തിപ്പൊക്കുന്ന എന്ന ചോദ്യത്തിന് പൊങ്ങാൻ എന്നാണ് ഖാദറിന്റെ മറുപടി.

കെ എൻ എ ഖാദർ ആർ എസ് എസ് വേദിയിലെത്തിയത് നേരത്തെ വിവാദമായിരുന്നു. കോഴിക്കോട് കേസരി മന്ദിരത്തിൽ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമായിരുന്നു അദ്ദേഹം പങ്കെടുത്തത്. പരിപാടിയിൽ കെ എൻ എ ഖാദറിനെ ആർഎസ് എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദർശി ജെ നന്ദകുമാർ പൊന്നാടയണിച്ച് സ്വീകരിക്കുകയും ചെയ്തു. പാർട്ടിയിലും പൊതുസമൂഹത്തിലും നടപടി വിവാദമായതോടെ എല്ലാം മതസ്ഥരും തമ്മിൽ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നുമുള്ള വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.

'പരിപാടിയിൽ പറഞ്ഞത് മതസൗഹാർദത്തെക്കുറിച്ചുമാത്രമാണ്. നാട്ടിൽ സംഘർഷവും വർഗീയതയും വർധിച്ച് വരുമ്പോൾ എല്ലാം മതസ്ഥരും തമ്മിൽ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് വാർത്തകൾ വന്നതോടെ ലീഗ് പുറത്താക്കിയാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം കെ എൻ എ ഖാദറിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ആർ എസ് എസും രംഗത്തെത്തിയിരുന്നു. ഖാദർ മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചില സിപിഐ നേതാക്കളും രഹസ്യമായി വ്യക്തമാക്കുന്നത്. ഏതായാലും പുതിയ സാഹചര്യത്തിൽ കെ എൻ എ ഖാദറിന്റെ നീക്കം എന്താണെന്നറിയാൻ കാത്തിരിക്കുകയാണ് ലീഗ്-സിപിഐ നേതൃത്വം.

വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിലെത്തിയ കെ എൻ എ ഖാദർ മികച്ച പ്രാസംഗികനാണ്. ഇടതുപക്ഷത്തുണ്ടായിരുന്ന അദ്ദേഹം എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. 1970 മുതൽ 87 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി ആയിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം 1987ലാണ് മുസ് ലിം ലീഗിൽ ചേർന്നത്. സിപിഐ രാഷ്ട്രീയം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ എത്തിയെങ്കിലും സി പിഐയും കമ്മ്യൂണിസവും മാർക്‌സിസവും എല്ലാം ചേർത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും നിലപാടുകളുമെല്ലാം പുറത്ത് വന്നിരുന്നത്.