- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഴൽനാടന്റെ ചോദ്യത്തിന് വകുപ്പ് കൃത്യമായി മറുപടി നൽകിയിട്ടുണ്ട്; മറുപടി കിട്ടിയിട്ടും തെറ്റിദ്ധരിപ്പിക്കരുത്; ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കണം; മാത്യു കുഴൽനാടനോട് പ്രതികരണവുമായി ധനമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കുഴൽനാടന്റെ ചോദ്യത്തിന് വകുപ്പ് കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മറുപടി കിട്ടിക്കഴിഞ്ഞിട്ടും അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രി വിമർശിച്ചു. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയതുമായി വരണമെന്നും മന്ത്രി പരിഹസിച്ചു.
'നികുതി സംബന്ധിച്ച് സാധാരണ ഗതിയിൽ ഏതെങ്കിലും സ്ഥാപനത്തിന്റെയോ അവരുടെ വ്യക്തിപരമായ കാര്യങ്ങളോ പുറത്തുപറയാറില്ല. അതാണ് നിയമപരമായ വശം. എംഎൽഎ എന്ന നിലയിൽ ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് അദ്ദേഹം എനിക്ക് ഒരു കത്ത് നൽകിയിരുന്നു. ആ സ്ഥാപനം ഐ.ജി.എസ്.ടി വഴി ടാക്സ് അടച്ചത് കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
അതിനുള്ള മറുപടി വകുപ്പ് നൽകി. മറുപടി കിട്ടിക്കഴിഞ്ഞിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കേണ്ട കാര്യമില്ല. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് മറ്റൊരു കാര്യം പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും'- ബാലഗോപാൽ പറഞ്ഞു.
വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയ പണത്തിന് ജി.എസ്.ടി. അടച്ചതായി ധനവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നുമുള്ള ആരോപണവുമായി കുഴൽനാടൻ രംഗത്തെത്തി. വീണ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുമുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.
ചോദിച്ച കാര്യത്തിനല്ല ജിഎസ്ടി വകുപ്പ് മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. ഒരു സേവനം നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കോടിക്കണക്കിന് രൂപ നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം.
കൈപ്പറ്റിയ തുകയ്ക്ക് ജിഎസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധന വകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസിൽ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്.
സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?
കത്തിൽ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ധനകാര്യ വകുപ്പ് ഇറക്കിയ കത്ത് കാപ്സ്യൂൾ മാത്രമാണ്. കൊള്ള ചോദ്യം ചെയ്യപെടുമ്പോൾ ഇറങ്ങുന്ന കാപ്സ്യൂൾ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നൽകണമെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.




