തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ സർക്കാറിനെതിരെ കടുത്ത വിമർശനവമാണ് ഉയരുന്നത്. എങ്കിലും എല്ലാം കേന്ദ്രത്തിന്റെ നെഞ്ചിൽ കെട്ടിവെക്കുക എന്ന സമീപനമാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിന്. ഇതിനെതിരെ വിമർശനം ഉയർത്തുന്നവർക്കെതിരെ വിമർശനം ഉയർത്തുകയും ചെയ്യുന്നു. കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നത് വസ്തുതയാണെന്നു വ്യക്തമാക്കി ധനമന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്തെത്തി.

പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വസ്തുതാപരമായി സംസാരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

''ഒന്നാം പിണറായി സർക്കാർ വന്നതുമുതൽ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ആരോപണങ്ങളിൽ വസ്തുതകളില്ലെന്നു പലതവണ തെളിഞ്ഞു. പിണറായി സർക്കാരിന്റെ ആദ്യ അഞ്ചു വർഷക്കാലത്തു സ്വർണ്ണക്കടത്ത് മുതൽ ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞു. അവസാനം അതിന്റെ കാര്യങ്ങൾ എന്തായി എന്ന് എല്ലാവർക്കും അറിയാം. ധൂർത്താണെന്നാണ് ഇപ്പോൾ പറയുന്നത്. കേരളത്തിനു കിട്ടണ്ട അൻപതിനായിരത്തോളം കോടി രൂപ കേന്ദ്രത്തിൽനിന്നു കിട്ടുന്നില്ല'' മന്ത്രി പറഞ്ഞു.

കേരളം പോലെ അവഗണന നേരിടുന്ന മറ്റു ചില സംസ്ഥാനങ്ങളുമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. രാജസ്ഥാനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. ഛത്തീസ്‌ഗഡിനോടും വിവേചനം കാണിക്കുന്നുണ്ട്. കോൺഗ്രസ്, ഡിഎംകെ തുടങ്ങി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ കേന്ദ്രം വലിയ വിവേചനം കാട്ടുന്നുണ്ട്. ഏറ്റവും കൂടുതൽ വിവേചനത്തിനു വിധേയമാകുന്ന സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിന്റെ സമീപനത്തിനെതിരെ കേസ് ഉൾപ്പടെ നടത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. കേരളത്തോടു കാണിക്കുന്ന ഇത്തരം വിവേചനങ്ങളെപ്പറ്റി പറയുമ്പോഴും അതിൽ പ്രതിപക്ഷ നേതാവിന് ഒന്നും പറയാനില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിന് അർഹമായ തുക കേന്ദ്രം തരാത്തതിന് എതിരെ പ്രതിപക്ഷത്തെയും കൂടി ഉൾപ്പെടുത്തി പാർലമെന്റിൽ ശബ്ദമുയർത്താനാണു ശ്രമിച്ചത്. കേന്ദ്രസർക്കാരിനെതിരെ ഒരു മെമോറാണ്ടം ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ചു വേണം പ്രതിപക്ഷനേതാവ് സംസാരിക്കാനെന്നും ബാലഗോപാൽ പറഞ്ഞു.