തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു കയറിയതോടെ മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കർ ഷംസീറിനും രാധാകൃഷ്ണൻ ഇന്ന് നൽകും. രാധാകൃഷ്ണൻ ഭരിച്ചിരുന്ന വകുപ്പുകളുടെ ചുമതല ആർക്കു നൽകുമെന്നതിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും. പുതിയ മന്ത്രി വരുന്നതു വരെ മുഖ്യമന്ത്രിയും വകുപ്പുകൾ കൈവശം വെക്കാൻ സാധ്യതയുണ്ട്.

ആലത്തൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടർന്നാണ് രാധാകൃഷ്ണൻ രാജിവെക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂർ. സിറ്റിങ് എംപിയായിരുന്ന കോൺഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാർത്ഥിയായിരുന്ന രാധാകൃഷ്ണൻ തോൽപ്പിച്ചത്.

രാധാകൃഷ്ണൻ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയിൽ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തിൽ തീരുമാനമെടുത്തേക്കും. മാനന്തവാടി എംഎൽഎയും പട്ടികവർഗ വിഭാഗം നേതാവുമായ ഒ ആർ കേളുവിന്റെ പേരിനാണ് മുൻഗണനയെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തൽ നടപടികളും നിർദേശിക്കും. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മണ്ഡലാടിസ്ഥാനത്തിൽ തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാ തലത്തിൽ തിരുത്തൽ നടപടിക്ക് തയ്യാറെടുക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ച നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപിയുടെ വോട്ട് ശതമാനം വർധിച്ചതും ഗൗരവമായി കാണുന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ പോലും ബിജെപിക്ക് ചോർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തിൽ ഇഴകീറി പരിശോധിക്കും. ഒപ്പം തിരുത്തൽ നടപടികളും നിർദേശിക്കും. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റാണ് തിരുത്തൽ നടപടികളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. വൻതോതിൽ വോട്ടു ചോർന്ന സ്ഥലങ്ങളിൽ പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിലും സമിതി തീരുമാനമെടുക്കും.