കോഴിക്കോട്: താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റാണെന്നും നിയമപരമായി തെറ്റല്ലെന്നും ആർ.എംപി നേതാവ് കെ.എസ്. ഹരിഹരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആ പരാമർശം രാഷ്ട്രീയപരമായി തെറ്റാണ്, നിയമപരമായി തെറ്റുള്ള കാര്യമല്ല. അത്തരം പരാമർശങ്ങൾ, ഉപമകൾ, അലങ്കാരങ്ങളെല്ലാം പ്രാസംഗികരുടെ രീതിയാണ്. രാഷ്ട്രീയമായ പിശക് എന്നു പറയുന്നത് എന്റെ പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെടാത്ത സംഗിതയാണ് അത്. പ്രംസഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഫേസ്‌ബുക്കിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ആ ഖേദപ്രകടനത്തിൽ തൃപ്തിയാകാതെയാണ് കേസ് കൊടുത്തിട്ടുള്ളതെന്നം ഹരിഹരൻ പറഞ്ഞു.

കേരളത്തിൽ ധാരണം പേർ പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ അവർക്കെതിരെയൊന്നും കേസെടുത്തിട്ടില്ല. അതിന് ശേഷം വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ പരാമർശം തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത് -ഹരിഹരൻ പറഞ്ഞു.

എന്റെ വീടിനുനേർക്ക് ബോംബേറുണ്ടായി. ഇപ്പോഴും ബോംബെറിഞ്ഞവരെ പിടിച്ചിട്ടില്ല. ബോംബ് സ്‌ഫോടനം പോലെ ഒരു സംഭവം, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലാണ് ഞാൻ താമസിക്കുന്നത്, അവിടെ സെൻസിറ്റീവായ സ്ഥലമാണ്. അവിടെ ഇങ്ങനെ നടക്കുമ്പോൾ ആ നിലക്ക് കണ്ടാൽ പോര അത്. എന്തുകൊണ്ട് പ്രതികളെ പിടിക്കുന്നില്ല, ഉദാസീനത ഉണ്ടോ എന്ന കാര്യം ചർച്ച ചെയ്യണം -ഹരിഹൻ ആവശ്യപ്പെട്ടു.

സ്ത്രീവിരുദ്ധ പ്രസംഗത്തിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.