തിരുവനന്തപുരം: ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിർമ്മാണവും തമ്മിൽ ബന്ധമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ എംപി മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ എതിർശബ്ദം ഉയർന്നതിന് പിന്നാലെ ഇരുപത് വർഷം വരെ ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാൻ നീക്കം നടന്നതിന് പിന്നിൽ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സിപിഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരിൽ വ്യാപകമായി ബോംബു നിർമ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളിൽ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മിൽ ബന്ധമുണ്ട്. ഇനിയും കേരളത്തിൽ ആആരുടെയൊക്കെയോ രക്തം ഒഴുക്കാൻ ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ ഉത്തരവിട്ടവർ നിർദ്ദേശം നൽകിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാൻ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികൾക്ക് വേണ്ടിയാണ് ഈ സർക്കാരും സിപിഎമ്മും നിലപാടെടുക്കുന്നത്.

പിണറായി സർക്കാരിന്റെ കാലയളവിൽ രണ്ടായിരം ദിവസമാണ് പ്രതികൾക്ക് പരോൾ നൽകിയത്. ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾക്ക് ജയിലിരുന്ന് മാഫിയാ പ്രവർത്തനം നടത്താൻ ഫോൺ ഉൾപ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സർക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ട്. ടി.പി.വധക്കേസിൽ നീതി ഉറപ്പാക്കാൻ കെകെ രമ എംഎൽഎ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങൾക്കും കെപിസിസി പിന്തുണ നൽകുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.