കണ്ണൂർ: പിണറായി വിജയൻ ജയിലിൽ പോകാത്തത് ബിജെപിയുമായുള്ള അന്തർധാര മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് മട്ടന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തല കുനിച്ച് തൊഴുത് സ്വീകരിക്കുന്നത് തല പോവാതിരിക്കാനാണ്. എസ്.എൻ.സി ലാവലിൻ കേസ് 38-ാം തവണയാണ് മാറ്റിവച്ചത്. ഡോളർക്കടത്ത്, സ്വർണക്കടത്ത് കേസുകളിലും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താത്തത് ബിജെപിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു. കള്ളപ്പണം പിടിച്ച കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ അന്വേഷണമില്ലാത്തത് ഇതിന്റെ തെളിവാണ്.

സ്വീകരണം എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎ‍ൽഎ അദ്ധ്യക്ഷത വഹിച്ചു. എംഎ‍ൽഎമാരായ സജീവ് ജോസഫ്, ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, പി.എം.നിയാസ്, നെയ്യാറ്റിൻകര സനൽ, എ.എ.ഷുക്കൂർ, പി.ടി.മാത്യു, ചന്ദ്രൻ തില്ലങ്കേരി, സുരേഷ് മാവില തുടങ്ങിയവർ സംസാരിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ ചടങ്ങിനെത്തി. ഉച്ചയ്ക്ക് 2.30ന് കരിവെള്ളൂർ ആണൂരിൽ ജാഥയെ സ്വീകരിച്ചു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ മഹാസമ്മേളനമാണ് മട്ടന്നൂർ ടൗണിൽ നടന്നത്. വൈകിട്ട് കണ്ണൂർ കളക്ടറേറ്റ് മൈതാനത്തായിരുന്നു രണ്ടാമത്തെ സമ്മേളനം.