- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടിയിൽ കനമില്ലെന്ന് മുഖ്യമന്ത്രി ഇനി പറഞ്ഞാൽ ജനം പത്തലെടുക്കും
തിരുവനന്തപുരം: തന്റെ കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും മുഖ്യമന്ത്രിപിണറായി വിജയൻ ഇനി പറഞ്ഞാൽ ജനം പത്തലെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ്ഐ ഒ) അന്വേഷണം തുടരാമെന്ന ബെംഗളുർ ഹൈക്കോടതിയുടെ വിധി പിണറായി വിജയൻ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്റെ അടിവേരു മാന്തി. അഴിമതിയിൽ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സിപിഎമ്മും എൽഡിഎഫ് ഘടകകക്ഷികളും ആലോചിക്കണം.
പിണറായി വിജയന്റെ മകളുടെ എക്സാലോജിക് കമ്പനി കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇത് അതീവ ഗുരുതരമായ സാമ്പത്തിക കുറ്റമാണെന്നുമാണ് വിധിയിൽനിന്ന് മനസിലാക്കേണ്ടത്.
കേരളത്തിന്റെ തീരവും അവിടെ അമൂല്യമായ കരിമണലും മുഖ്യമന്ത്രിയുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നതിന് കാലം നല്കുന്ന തിരിച്ചടിയാണിത്. പിണറായി വിജയൻ മാത്രമല്ല, സിപിഎം ദേശീയ ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യൂറോയും ഉൾപ്പെടെ സകലരും ഇതിൽ കൂട്ടുപ്രതികളാണ്. കേരളത്തിന്റെ കരയും കടലും കവർന്നെടുക്കുന്നതിനു പിണറായിക്കു കിട്ടിയ പണത്തിന്റെ വലിയൊരളവ് ദേശീയ തലത്തിലേക്കു മാറ്റിയിട്ടുണ്ട്. സിപിഎമ്മിനെ ദേശീയതലത്തിൽ പിടിച്ചുനിർത്തുന്നത് കേരളത്തിൽനിന്ന് ഒഴുകിയെത്തുന്ന കൂറ്റൻ ഫണ്ടാണ്.
കരിമണൽ കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിന്റെ വ്യക്തമായ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റെ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുവിട്ടിരുന്നു. അതെല്ലാം ശരിയാണെന്നു വന്നിരിക്കുകയാണ്. 2016 ഡിസംബർ മുതൽ മാസം 5 ലക്ഷം രൂപ വീതവും 2017 മാർച്ച് മുതൽ മാസം മൂന്നു ലക്ഷം രൂപ വീതവും എക്സാലോജിക്കിന് മാസപ്പടി ലഭിച്ചു. മൊത്തം 2.72 കോടി രൂപ എക്സാലോജിക്കിലെത്തി.
സ്വകാര്യ കമ്പനിക്ക് ഖനനാനുമതി പാടില്ലെന്ന കേന്ദ്ര ഉത്തരവ് വന്ന 2019 ഫെബ്രുവരിയിൽ കരാർ റദ്ദാക്കേണ്ടതായിരുന്നു. എന്നാൽ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ഇടപെട്ട് കരാർ 2023 വരെ സജീവമാക്കി നിർത്തി. ഇക്കാലയളവിൽ കോടിക്കണക്കിനു രൂപയുടെ കരിമണൽ കേരള തീരത്തുനിന്ന് ചുളുവിലയ്ക്ക് ഖനനം ചെയ്തു കടത്തി. അതിനുള്ള പ്രതിഫലമാണ് മാസപ്പടിയായും വാർഷികപ്പടിയായുമൊക്കെ പിണറായിക്കും കുടുംബത്തിനും ലഭിച്ചത്.
സംസ്ഥാന ഖജനാവിൽനിന്ന് പ്രതിദിനം 25 ലക്ഷം രൂപ മുടക്കി സുപ്രീംകോടതി അഭിഭാഷകനെ രംഗത്തിറക്കിയിട്ടും കേരള ഹൈക്കോടതി ഈ കേസ് തള്ളിയിരുന്നു. മാസപ്പടി കേസിനെ പിണറായി ഇത്രമാത്രം ഭയക്കുന്നത് കോഴി കട്ടവന്റെ തലയിൽ പൂട ഉള്ളതുകൊണ്ടു തന്നെയാണ്. സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകൾക്ക് സംഭവിച്ചത് മാസപ്പടിക്കു സംഭവിക്കുമോയെന്നു ആശങ്കയുണ്ടെന്നും സുധാകരൻ പറഞ്ഞു.