- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓലപ്പാമ്പ് കണ്ടാൽ പേടിക്കില്ല: കെ.സുധാകരൻ
തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടിയാൽ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർത്താൽ നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം തീർക്കുമ്പോൾ അതിൽ നിന്നെല്ലാം ഒളിച്ചോടി ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കൂട്ടുപ്രതിയാക്കി തന്റെ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും വെറും ദിവാസ്വപ്നമാണ്.
സിപിഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയിൽ കെട്ടിപ്പൊക്കിയ കേസാണിത്. നേരത്തെ ഇതേ കേസിൽ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ശ്രമം നടന്നതാണ്. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഈ നീക്കം പാളി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ധൃതിപിടിച്ച് തന്നെ കൂട്ടുപ്രതിയാക്കിയത് സർക്കാരിനെതിരായി ഉയരുന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കേരളീയ സമൂഹത്തിന് ബോധ്യമുണ്ട്. കേസെടുത്തപ്പോൾ എല്ലാ വിധത്തിലും സഹകരിച്ച വ്യക്തിയാണ് എന്നുകരുതി രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാകാൻ നിന്നുതരില്ല. ശക്തമായ നിയമപോരാട്ടം തുടരുന്നതോടൊപ്പം തനിക്കാതിരായ ഈ വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.
മോൻസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോസ്‌കോ സെഷൻ കോടതിക്ക് നൽകിയ പരാതിയിൽ തന്നെ കേസിൽ കുടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ ആരോപണവിധേയരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാരാണ് തന്നെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.സിപിഎമ്മിന്റെ എല്ലാത്തരം നെറികേടുകളും കണ്ടും നേരിട്ടും കണ്ണൂരിൽ വളർന്ന തനിക്ക് ഇതിന് പിന്നിലെ കുടിപ്പക രാഷ്ട്രീയം വ്യക്തമായി ബോധ്യമുണ്ട്. എസ്.എഫ്.ഐക്കാർ നടത്തിയ നീചമായ കൊലപാതകവും, ശമ്പള വിതരണം,വന്യമൃഗശല്യം എന്നിവ പരിഹരിക്കുന്നതിലുള്ള സർക്കാരിന്റെ കഴിവ് കേടും മറച്ചുപിടിച്ച് പിണറായിക്ക് രാഷ്ട്രീയ കവചം തീർക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്നത്. പക്ഷെ, ഇതുകൊണ്ടെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനാകില്ല.പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി കോൺഗ്രസ് നിറഞ്ഞ് നിൽക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.