- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പറക്കും മുമ്പ് വി എം സുധീരനെ തള്ളി കെ സുധാകരൻ; സുധീരന്റെ പ്രസ്താവനകൾക്ക് താൻ വിലകല്പിക്കുന്നില്ലെന്നു കെപിസിസി അദ്ധ്യക്ഷൻ; സുധാകരൻ പുറത്തുമറുപടി നൽകിയത് തെറ്റായ പ്രവണതയെന്നും തിരുത്തേണ്ടി വരുമെന്നും സുധീരനും
തിരുവനന്തപുരം: കെപിസിസി യോഗത്തിൽ നേതൃത്വം പരാജയമാണെന്ന് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് വി എം സുധീരന് എതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്നലെ തുറന്നടിച്ചിരുന്നു. താൻ കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണ് സുധീരനെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇന്ന് 10 ദിവസത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിലും സുധാകരൻ സുധീരന് എതിരെ വിമർശനം കടുപ്പിച്ചു.
സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സുധീരന്റെ പ്രസ്താവനകൾ പൂർണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും കെ സുധാകരൻ പറഞ്ഞു. ഇതിന് പിന്നാലെ സുധാകരന് വി എം സുധീരനും മറുപടി നൽകി.
സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണാജനകമെന്ന് സുധീരൻ പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ് നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നു. കഴിവ് നോക്കാതെയാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു.
സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അതിന് അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ല എന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈകാമാൻഡിനു കത്തെഴുതി. പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ 2 വർഷമായി ഒന്നും പരിഹരിച്ചില്ല.
രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ് ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡിസിസി പരിപാടികളിൽ പങ്കെടുത്തു. കെ പി സി സി യുടെയും എ ഐ സി സിയുടേയും പരിപാടികളിൽ പങ്കെടുത്തില്ല. പക്ഷെ മറ്റ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്. തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു. തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ പി സി സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താൻ പുറത്ത് പറഞ്ഞില്ല. സുധാകരന്റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരൻ പറഞ്ഞു.
സുധീരൻ കെപിസിസി നേതൃയോഗത്തിൽ പറഞ്ഞത്
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം പങ്കെടുത്ത കെപിസിസി യോഗത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വി എം സുധീരൻ വിമർശനമുയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല, അവരവർക്കുവേണ്ടിയാണെന്നും സുധീരൻ തുറന്നടിച്ചു. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി.
അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരൻ കെപിസിസിയിൽ വായിച്ചു. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സുധീരനെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത്.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സമയം പകരം ചുമതല ആർക്കും കൈമാറില്ലെന്ന് സുധാകരൻ വ്യക്തമാക്കി. തന്റെ അഭാവത്തിൽ കെപിസിസി ഭാരവാഹികൾ കൂട്ടായി നേതൃത്വം വഹിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. ആധുനിക കാലത്ത് ഓൺലൈൻ മീറ്റിങ്ങിലൂടെയും പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്നും വാർത്താസമ്മേളനത്തിൽ സുധാകരൻ വിശദീകരിച്ചു. കെ സുധാകരൻ ചികിത്സക്കായി പത്തു ദിവസത്തെ അവധിയിൽ പോകുകയാണെന്നാണ് യോഗത്തിൽ അറിയിച്ചത്.




