ന്യൂഡൽഹി: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ വളരെ സന്തോഷമുണ്ടെന്ന് കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ. കഴിഞ്ഞ കുറേക്കാലമായി തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം. എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹൈക്കോടതി വിധിയിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ കുറേക്കാലമായി എന്നെ ക്രിമിനലായി ചിത്രീകരിക്കാൻ ഈയൊരു കെട്ടുകഥ ഉണ്ടാക്കിയെടുത്ത് വേട്ടയാടിയ പാർട്ടിയാണ് സിപിഎം. കീഴ്ക്കോടതിയിൽ നിന്നെല്ലാം അനുകൂലമായി വിധി വന്നിട്ടും ഹൈക്കോടതിയിൽ പോയി. ഈ കേസ് ഏറെ നീണ്ടുപോയി. മുമ്പേ തന്നെ വിധി പറയേണ്ടതായിരുന്നു, ' സുധാകരൻ പറഞ്ഞു.

'എന്റെ തലയ്ക്ക് മുകളിൽ വാള് കെട്ടിത്തൂക്കിയതുപോലെയായിരുന്നു ഈ കേസ്. ഇല്ലാത്ത കുറ്റത്തിന് പ്രതിയാക്കി, ക്രിമിനലാക്കി, ക്രിമിനൽ ലീഡറാക്കി എന്നെ രാഷ്ട്രീയത്തിൽ നശിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റേയും ബിജെപിയുടേയും രാഷ്ട്രീയനയങ്ങൾക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി. എനിക്ക് ഒരു മോചനം കിട്ടിയ വിധിയാണ് ഇത്.' അദ്ദേഹം തുടർന്നു.

കേസ് തുടർന്നും അന്വേഷിച്ച് യഥാർഥ പ്രതികളെ കണ്ടുപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്വമല്ല, സർക്കാരിന്റേതാണെന്നും സുധാകരൻ പറഞ്ഞു. അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ പോകട്ടെ. പറ്റാവുന്ന രീതിയിലൊക്കെ താനും അവിടെ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി 'പാവം ഇ.പി.' എന്നായിരുന്നു സുധാകരന്റെ മറുപടി.

ഇ.പി.ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. 29 വർഷം മുൻപ് നടന്ന സംഭവത്തിൽ സുധാകരനെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിപിഎം പ്രതിയാക്കി മാറ്റിയത്. അതിലാണ് ഇപ്പോൾ സുധാകരന് പങ്കില്ലെന്ന് കോടതി വിധിച്ചത്. കോൺഗ്രസിന്റെ നിലപാട് ശരിയാണെന്ന് അടിവരയിട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ വിധി.

സുധാകരനെ മാത്രമല്ല എം വിരാഘവനെയും കേസിൽപ്പെടുത്താൻ ശ്രമിച്ചിരുന്നു. രാഷ്ട്രീയനേതാക്കളെ ക്രിമിനൽക്കേസുകളിൽ പ്രതിയാക്കാൻ നടത്തിയ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായി. ജയരാജൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാലും കാര്യമില്ല. അത്രയും വ്യക്തമായ വിധിയാണ് ഹൈക്കോടതിയുടേതെന്നും വി ഡി സതീശൻ പറഞ്ഞു.