തിരുവനന്തപുരം: സമരാഗ്‌നി സമാപന വേദിയിൽ പ്രവർത്തകർ നേരത്തെ പിരിഞ്ഞുപോയതിൽ രോഷാകുലനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിന് വന്നുവെന്ന് സുധാകരൻ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേർ സംസാരിച്ച് കഴിഞ്ഞ് ആളുകൾ പോവുകയാണ്. പരിപാടി തുടങ്ങിയപ്പോൾ നിറഞ്ഞിരുന്ന വേദിയിൽ പെട്ടെന്ന് കാലി കസേരകളുണ്ടായതെങ്ങനെ? ഇങ്ങനെ ആണെങ്കിൽ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരനെ തിരുത്തി. 'മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട', സതീശൻ പറഞ്ഞു.

കേരളത്തിൽ രണ്ടക്ക സീറ്റെന്ന പ്രധാനമന്ത്രിയുടെ മോഹം അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും അത് കേരളത്തിൽ നടക്കില്ലെന്നും സുധാകരൻ പറഞ്ഞു. പത്ത് വർഷമായി മോദി രാജ്യം ഭരിക്കുന്നു. ഉത്തരേന്ത്യയിൽ നേടിയത് പോലെയുള്ള ഒന്നും കേരളത്തിൽ നിന്ന് ബിജെപിക്ക് ലഭിച്ചിട്ടില്ല. ഇനി ഒട്ട് ലഭിക്കില്ലെന്നും അങ്ങനെയൊരു സ്വപ്നമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതിയെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കേരള സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ആഞ്ഞടിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു.

രൂക്ഷമായ ഭാഷയിലാണ് ഇരു സർക്കാരുകളെയും കോൺഗ്രസ് നേതാക്കൾ വിമർശിച്ചത്. തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോൾ, കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമർശനം.

ബിജെപിയെ പ്രതിരോധിക്കാൻ കേരളത്തിൽനിന്ന് കൂടുതൽ കോൺഗ്രസ് എംപിമാർ വേണമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപിക്ക് ലോക്സഭ അക്കൗണ്ട് തുറക്കാൻ കഴിയാത്തത് കേരളത്തിൽ മാത്രമാണ്. ഇത് മോദിക്കെതിരായ യുദ്ധമാണ്. കേരളത്തിലെ ഇരുപതു സീറ്റിൽ ഇരുപതും നേടാൻ യുഡിഎഫ് കഠിനാധ്വാനം ചെയ്യണമെന്നും രേവന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് എംപിമാർ മോദി സർക്കാരിനെതിരെ നിലകൊള്ളുന്നവരാണ്. കേരളത്തിൽ മോദിയെയും ബിജെപിയെയും എത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകരാണ് ഉള്ളത്. എൻഡിഎ എന്നാൽ വിഭജനമെന്നാണ് അർത്ഥം. ഇത്തവണ കേരളത്തിൽ കഠിനപ്രയത്നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിന് സാധിക്കും. രാജ്യത്ത് കോൺഗ്രസ് സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കും.

നരേന്ദ്ര മോദിക്കെതിരെ പോരാടാൻ രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി ആരെങ്കിലും ബിജെപിയിൽ ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഇത് മോദിക്കെതിരായ യുദ്ധമാണെന്നും പറഞ്ഞു.

നരേന്ദ്ര മോദി ഭരണത്തിൽ സമ്പന്നർ സമ്പന്നരായും ദാരിദ്രരർ ദാരിദ്രരായും തുടരുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമർശനം. കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ബിജെപി തകർത്തു. 70 വർഷം കൊണ്ട് കോൺഗ്രസ് കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ ആണ് ഇത്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കുകയാണ് കേന്ദ്രസർക്കാർ. കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

ഇത് സർക്കാരുണ്ടാക്കാനുള്ള തിരഞ്ഞെടുപ്പല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. ബിജെപിയുടെ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.