കൊച്ചി: തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ ഒരുക്കിയെടുക്കാനുള്ള പെടാപ്പാടിലാണ് കെപിസിസി നേതൃത്വം. താഴെത്തട്ടിൽ, കോൺഗ്രസ് ശക്തമല്ലെന്നത് കണക്കിലെടുത്ത് അതിനുള്ള പരിപാടികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഈ സന്ദർഭത്തിൽ പാർട്ടി പ്രവർത്തകർ തമ്മിൽ കൂടുതൽ അടുപ്പമുണ്ടാകേണ്ട ആവശ്യകത ഊന്നി പറയുകയാണ് എറണാകുളം ജില്ലാ കൺവൻഷനിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിൽ താഴെത്തട്ടിൽ പാർട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കണ്ടാൽപോലും ലോഹ്യം പറയാത്ത പ്രവർത്തകരുണ്ടെന്നും സുധാകരൻ പറഞ്ഞു. താഴെത്തട്ടിൽ നേതാക്കന്മാരും അനുയായികളും തമ്മിൽ അത്ര നല്ല ബന്ധമില്ലെന്നും എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും സുധാകരൻ പറഞ്ഞു. എറണാകളും ജില്ലയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിലാണ് സുധാകരന്റെ വിമർശനം.

'വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ദിവസങ്ങൾ ഇനി പരിമിതമാണ്. എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്മാർക്കാണെന്ന് നിങ്ങളെ ഓർമിപ്പിക്കുന്നു. അതിനാൽ അവസാനം തിക്കിതിരക്കി ചേർക്കുന്നവരുടെ പേര് അവർ തന്ത്രപൂർവ്വം ഒഴിവാക്കാനുള്ള സാധ്യതകയുണ്ട്. അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ വോട്ടർപട്ടിക പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കണം. ഇത് സാധിക്കണമെങ്കിൽ ബൂത്ത് കമ്മിറ്റി പൂർത്തിയാകണം. ബൂത്ത് കമ്മിറ്റി പൂർത്തിയാകണമെങ്കിൽ മണ്ഡലം കമ്മിറ്റി പൂർത്തിയാകണം. എന്നാൽ, മണ്ഡലം കമ്മിറ്റി ഇനിയും പൂർത്തിയാകാത്ത ജില്ലകളുണ്ട്. ആ കമ്മിറ്റി വന്നാലേ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ ബൂത്ത് കമ്മിറ്റിക്ക് സാധിക്കൂ. ഇതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കണം', സുധാകരൻ പറഞ്ഞു.

'ബൂത്ത് ഇല്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുന്നവരും ബന്ധപ്പെടുന്നവരും ബൂത്ത് കമ്മിറ്റി നേതാക്കന്മാരാണ്. ആ ബൂത്ത് കമ്മിറ്റിക്ക് കീഴിൽ 15-25 വീടുകൾ അടങ്ങുന്ന ഒരു കൂട്ടായ്മയായ സി.യു.സി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. 33000 സിയുസി കമ്മിറ്റികൾ ഇന്ന് കേരളത്തിലുണ്ട്. എന്നാൽ, ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അത് നിന്നുപോയി. പക്ഷേ ഇപ്പോൾ അത് പൂർത്തിയാക്കണം. സി.യു.സിയുടെ പ്രധാന്യം ഓരോ പ്രവർത്തകനും ഉൾക്കൊള്ളണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.

താഴെത്തട്ടിൽ നമ്മുടെ പാർട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല. പലപ്പോഴും കണ്ടാൽപോലും ലോഹ്യം പറയാത്ത പ്രവർത്തകരുണ്ടെന്ന് നിങ്ങൾക്കറിയാം. നേതാക്കന്മാരും അനുയായികളും തമ്മിൽ അത്ര നല്ല ബന്ധത്തിലൊന്നുമല്ല താഴെത്തട്ടിൽപോകുന്നത്. എല്ലാം ഒരു അഭിനയം, എല്ലാം ഒരു തട്ടിപ്പ്. അതാണ് നമ്മുടെ സാഹചര്യം. പരസ്പരം സ്നേഹിക്കാൻ പഠിച്ചിട്ടില്ല. പരസ്പരം സ്നേഹമില്ല. ആ സ്നേഹത്തിന്റെ നൂലിഴകൾ കുട്ടിച്ചേർക്കാനുള്ള ഘടകമാണ് സിയുസി. 25 വീടുകളിലെ അംഗങ്ങൾ കുടുംബസംഗമം പോലെ ഒരുമിച്ച് മാസത്തിൽ ഒരു യോഗം ചേരണം. കുട്ടികളടക്കം അതിലുണ്ടാകും. ബാഡ്ജും തൊപ്പിയും വെച്ച് യോഗത്തിൽ വന്നിരിക്കുന്ന കൊച്ചുമക്കൾക്ക് പ്രസംഗവും പാട്ടും മറ്റും ആസ്വദിച്ച് കോൺഗ്രസിന്റെ സംസ്‌കാരം ചെറിയ പ്രായത്തിൽ തന്നെ അവരുടെ മനസ്സിലേക്ക് പതിപ്പിക്കാൻ സാധിക്കുന്ന വേദിയാണത്. കോൺഗ്രസ് കുടുംബത്തിൽ നിന്ന് പിന്നെ ഒരു കുട്ടിയും പാർട്ടിവിട്ട് പുറത്തുപോകില്ല. എറണാകുളം ജില്ലയിലെ കോൺഗ്രസ് ഐക്യത്തിന്റെ, സ്നേഹത്തിന്റെ വഴിത്താരയിൽ സഞ്ചരിക്കുന്നത് ഈ നാട് കാണണം. അത്തരമൊരു സാഹചര്യമുണ്ടാക്കാൻ ആദ്യം മനസ്സ് നന്നാക്കേണ്ടത് നേതൃത്വമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ കൺവെൻഷൻ', സുധാകരൻ പറഞ്ഞു.