കണ്ണൂർ : കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന എം.വിജയരാജൻ ശക്തനായ എതിരാളിയല്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും കെപിസിസി അദ്ധ്യക്ഷനുമായ കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി ടീച്ചറെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൊണ്ണൂറായിരം വോട്ടിന് പരാജയപ്പെടുത്തിയതാണ്, പിന്നെയാണോ എം എൽ എയായിരുന്ന എം.വി ജയരാജനെന്നും സുധാകരൻ ചോദിച്ചു. എം വി ജയരാജൻ ശക്തനുമല്ല എതിരാളിയുമല്ലെന്ന് കെ.സുധാകരൻ പറഞ്ഞു.

സിദ്ധാർത്ഥിന്റെ മരണം തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകും. ഇന്ത്യയിൽ ഇതുവരെ നടത്താത്ത ഒരു കൊലപാതകം നടത്തിയ കൊലയാളികൾക്ക് പച്ചക്കൊടി കാണിച്ച സർക്കാരാണിതെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ വിജയ പ്രതീക്ഷയുണ്ട് ഞാൻ ജയിച്ച കോൺസ്റ്റൻസിയിൽ വിജയ പ്രതീക്ഷയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണ്.

ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതു കൊണ്ടാണ് മത്സരിക്കുന്നത്. ഷാഫിയും വേണുഗോപാലും പ്രിയപ്പെട്ട മുരളിയുമൊക്കെ മത്സരിക്കുന്നത് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ടാണ്. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാതെ ആർക്കെങ്കിലും ഈ പാർട്ടിയിൽ നിൽക്കാൻ കഴിയുമോയെന്നും സുധാകരൻ പറഞ്ഞു. ഷാഫി വടകരയിൽ മത്സരിച്ചാൽ പാലക്കാട് അസംബ്‌ളി സീറ്റ് നഷ്ടമാവില്ല.

ഷാഫി അവിടെ കോൺഗ്രസിന് നല്ല സ്‌ട്രോങ്ങായ അടിത്തറയുണ്ടാക്കിയിട്ടുണ്ട്. പുതിയ തലമുറയിലെ നേതാക്കൾ അവിടെയുണ്ട്. പാലക്കാട് ഒരു റിസ്‌കുമില്ല. പാലക്കാട് അസംബ്‌ളി തെരഞ്ഞെടുപ്പിൽ അതു കാണിച്ചു തരുമെന്നും സുധാകരൻ പറഞ്ഞു. താൻ ബിജെപിയിൽ പോകുമെന്നും എത്ര കാലമായി ദേശാഭിമാനിയും സിപിഎമ്മും പറഞ്ഞു തുടങ്ങിയിട്ട് ആരെങ്കിലും അതു ഇതുവരെ വിശ്വസിച്ചുവോയെന്നും സുധാകരൻ ചോദിച്ചു. എത്ര വിശ്വാസ്യത ദേശാഭിമാനിക്കുണ്ട്. ആരെങ്കിലും അവർ പറയുന്നത് വിശ്വസിച്ചിട്ടുണ്ടോ? എത്ര കാലമായി അവർ നെറികെട്ട പ്രചരണം തുടങ്ങിയിട്ടെന്നും സുധാകരൻ ചോദിച്ചു. താൻ ബിജെപിയിലേക്ക് പോകുമോയെന്ന് അവരാണോ തീരുമാനിക്കേണ്ടത്. എന്തു ലജ്ജയില്ലാത്ത കമന്റ്‌സാണിത്. ഇതു ഭ്രാന്തുള്ളവർ പുലമ്പുന്നതുപോലെയാണെന്നും സുധാകരൻ പറഞ്ഞു. അവരെ ജനം വിശ്വസിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.