തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗിന് ക്ഷണമുണ്ട്. എന്നാൽ കോൺഗ്രസിന് ഇല്ല. ലീഗിന്റെ പരിപാടിയിൽ പ്രസംഗിച്ച ശശി തരൂരിന്റെ വാക്കുകളിലൂടെ കോൺഗ്രസ് നിലപാട് വ്യക്തമായെന്നും, തങ്ങളുടെ വേദിയിൽ അതാവർത്തിക്കാൻ താൽപര്യമില്ലെന്നും സിപിഎം വ്യക്തമാക്കി കഴിഞ്ഞു. സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനമെങ്കിലും, ക്ഷണിച്ചാൽ പോകാമെന്നാണ് ലീഗ് ആലോചന. ഇക്കാര്യത്തിൽ ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. അതിനിടെ, കെ സുധാകരന്റെ പ്രസ്താവന ലീഗിനെ ചൊടിപ്പിച്ചു.

സിപിഎം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റിന്റെ മറുപടിയാണ് ലീഗിന് അതൃപ്തിയുണ്ടാക്കിയത്. ലീഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെ. സുധാകരൻ അവരെ ഫോണിൽ വിളിക്കുകയും പരാമർശം ലീഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.

വിവാദം സിപിഎമ്മിനെ വെള്ളപൂശാൻ: കെ.സുധാകരൻ

ജനവിരുദ്ധമായ നയങ്ങൾ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താൻ ചില കൂലി എഴുത്തുകാരും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലിംലീഗുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന വിവാദമെന്ന് കെ.സുധാകരൻ എംപി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വച്ച് മുസ്ലിം ലീഗിന്റെ എംപിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തിൽ മറുപടി പറയാൻ താനാളല്ലെന്ന് പലതവണ പറഞ്ഞിട്ടും പിന്നീടും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ അറിയാത്ത വിഷയത്തിൽ സാങ്കൽപ്പികമായ സാഹചര്യം മുൻ നിർത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നൽകാൻ സാധിക്കും എന്ന ആശയമാണ് 'അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഈ ജന്മത്തിൽ കുരക്കണമോയെന്ന്' തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്ലിംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലർ വാർത്തനൽകി. സിപിഎമ്മിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലർ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാർത്ത.

അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢബന്ധമാണ് കോൺഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലിംലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താൻ. വളച്ചൊടിച്ച വാർത്ത നൽകി കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരുമായി ഈ വിഷയം താൻ സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

വിമർശനവുമായി പി എം എ സലാം

സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു പി എം എ സലാമിന്റെ പ്രതികരണം. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് ഫലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ കെ ബാലനും രംഗത്ത് വന്നു.

വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീർ, പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീർ വ്യക്തമാക്കി. പാർട്ടി ആലോചനാ യോഗം നടത്തിയില്ല. പാർട്ടിയിൽ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. സിപിഎം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും എംകെ മുനീർ പറഞ്ഞു. പൊതുപരിപാടി കോൺഗ്രസ് തീരുമാനിക്കേണ്ടതാണ്. വ്യക്തിപരമായ തീരുമാനം അല്ല ഇവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.