ആലപ്പുഴ: സമരാഗ്നിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ വരാൻ വൈകിയതിന് കെ സുധാകരൻ പരസ്യമായി നീരസം പ്രകടിപ്പിച്ചതിലും, അസഭ്യപ്രയോഗം നടത്തിയതിലും കടുത്ത പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ്. ഇങ്ങനെ തുടരാനാകില്ലെന്ന് ഹൈമാൻഡിനെ അറിയിച്ചയായാണ് സൂചന. സോഷ്യൽ മീഡിയയിൽ സംഭവം വലിയ ചർച്ചയാവുകയും ചെയ്തു.

എന്നാൽ, തിരഞ്ഞെടുപ്പിനെയും സമരാഗ്‌നി ജാഥയെയും ഇക്കാര്യങ്ങൾ ബാധിക്കരുതെന്ന് നേതാക്കൾക്കു ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും ഫോണിൽ വിളിച്ചു സംസാരിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് കെ സി ഉറപ്പുനൽകി. സ്ഥാനം ഒഴിയൽ പോലുള്ള അത്തരം ചർച്ചകൾ വേണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇപ്പോൾ നേതൃ സ്ഥാനം ഒഴിയുന്നത് ദോഷകരമായി ബാധിക്കും എന്നും ഹൈക്കമാൻഡ് വി ഡി സതീശനെ അറിയിച്ചതായാണ് സൂചന.

രാവിലെ പ്രതിപക്ഷ നേതാവ് വി ഡി വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ രംഗത്തു വന്നതോടെയാണ് വിവാദമായത്. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ. സുധാകരൻ ചോദിച്ചു. തുടർന്ന് പ്രസിഡന്റ് എന്തെങ്കിലും കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 20 മുനിട്ട് സുധാകരൻ വി ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു.

വാർത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരൻ നീരസം പ്രകടമാക്കിയത്. പത്രക്കാരെ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിച്ചു.

ചെസ് ടൂർണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ 'ഇയാളിത് എന്ത് **** പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരൻ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ മൈക്ക് ഓൺ ആണ്.. മറ്റുള്ളവർ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. തുടർന്ന് സതീശൻ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കൾ പറയുന്നുണ്ട്.

ജ്യേഷ്ഠാനുജ ബന്ധമെന്ന് വി ഡി സതീശൻ

കെ സുധാകരൻ ചൂടായ സംഭവത്തിൽ വി ഡി സതീശൻ പിന്നീട് പ്രതികരിച്ചു. മാധ്യമങ്ങൾ വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചത്. കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു. ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരനും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശൻ, ഇപ്പോഴത്തെ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേർത്തു.

സഹോദരങ്ങളെ പോലെയെന്ന് സുധാകരനും

സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്നാണ് സുധാകരന്റെ വിശദീകരണം.

'ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. സതീശനും ഞാനും ജേഷ്ഠാനുജന്മാരെ പോലെയാണ്. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയതെന്നും ഇങ്ങനെ ഒരു പ്രചരണം കൊടുത്തത് ശരിയായില്ലെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാദമായതോടെ സതീശനും സുധാകരനും സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി ഡി സതീശൻ സുധാകരനൊപ്പം മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.

നേരത്തെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം പുറത്തായത്. സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാർത്താ സമ്മേളനം. 10 മണിക്ക് നിശ്ചയിച്ച വാർത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരൻ എത്തിയത്.

ഇത് ആദ്യമായല്ല സുധാകരൻ സതീശനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലും ഇരുവരും കോർത്തിരുന്നു. രണ്ടാമത് സംസാരിച്ചാൽ പ്രാധാന്യം കുറയുമോ എന്ന ചിന്തയിൽ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തർക്കിച്ചത്.