കൽപ്പറ്റ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി.പി. ദിവ്യ ഒരിടത്തും ഒളിച്ചോടിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. പി.പി. ദിവ്യയ്ക്ക് പോലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരിക്കും. അതല്ലെങ്കിൽ, അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.പി. ശശി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടെ ആരുടെയെങ്കിലും നിർദേശം ഇല്ലെങ്കിൽ കണ്ണൂരിലെ പോലീസ് അവർക്ക് പരിരക്ഷ നൽകില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പിടിക്കണമെന്ന് വിചാരിച്ചാൽ പോലീസിന് പിടിക്കാൻ പറ്റും. അവർ നാടൊന്നും വിട്ടുപോയിട്ടില്ല.

ഗുഹയിലൊന്നും പോയി ഒളിച്ചിട്ടുമില്ല. ഈ നാട്ടിൽ തന്നെ ദിവ്യയുണ്ട്. പോലീസാണ് അവർക്ക് സംരക്ഷണം ഒരുക്കുന്നത്. ഈ പോലീസിൽനിന്നു നീതി ലഭിക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു.