- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ കരിച്ചുകളയുന്ന സൂര്യനാണ് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സമ്പൽസമൃദ്ധമായിരുന്നു കേരളത്തിന്റെ കാർഷികരംഗം ഇന്നു കർഷകരുടെ ശവപ്പറമ്പാണ്. 12 കർഷകരാണ് രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
ഇങ്ങനെ കേട്ടുകേഴ്വി പോലുമില്ല. കണ്ണൂരിൽ മാത്രം നാലു കർഷകർ ആത്മഹത്യ ചെയ്തു. നവകേരള സദസുമായി കണ്ണൂരിലേക്ക് കടന്നുവന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളിൽ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂർ ആലക്കോട് പാത്തൻപാറ നൂലിട്ടാമലയിലെ വാഴകർഷകൻ ഇടപ്പാറക്കൽ ജോസ് ജീവിതം അവസാനിപ്പിച്ചത് കടുത്ത കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. അവർക്ക് മുന്നിലാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വാപൊളിക്കുന്നത്. പ്രധാനമന്ത്രി നല്കിയ പത്തുപതിനെട്ടു ഗ്യാരന്റിയെടുത്തു വീശിയാൽ കടുവയും പുലിയുമൊന്നും തിരിച്ചുപോകില്ല. രാജ്യത്തിന്റെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്വം മോദി സർക്കാരിനാണ്. അവരുടെ നയങ്ങളാണ് രാജ്യമെമ്പാടുമുള്ള കർഷകരെ മഹാദുരിതത്തിലാക്കിയത്.
കേരളത്തിന്റെ എല്ലാ കാർഷിക വിളകളും വലിയ തകർച്ചയെ നേരിടുകയാണ്. കാർഷികകേരളത്തിന്റെ നട്ടെല്ലായ തെങ്ങും റബറുമൊക്കെ നിലംപൊത്തിയിട്ട് കാലമേറെയായി. റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു പറഞ്ഞ് ഭരണത്തിലിരിക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗവും കർഷകരെ മറന്നു. നാമമാത്രമായുള്ള കർഷക പെൻഷൻ മുടങ്ങിയിട്ട് ആറു മാസത്തിലധികമായി. ക്ഷേമപെൻഷൻകൊണ്ട് ജീവിതം തള്ളിവിടുന്നവർ നിരാശയുടെ പടുകുഴിയിലാണ്.
അതേസമയയം, സർക്കാരിന്റെ ആർഭാടവും ദുർച്ചെലവുമെല്ലാം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. 27.12 കോടിയുടെ കേരളീയം, ശതകോടികളുടെ നവകേരള യാത്ര. ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് 12.50 ലക്ഷം രൂപയുടെ ഓണറേറിയം. കൂടാതെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു സ്റ്റാഫും സൗകര്യങ്ങളും ഏർപ്പെടുത്തി. ഇദ്ദേഹം കേരളത്തിനുവേണ്ടി എന്താണു ഡൽഹിയിൽ ചെയ്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്ഷീര കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു മാത്രം 46.25 ലക്ഷം രൂപ. കാഴ്ചബംഗ്ലാവാക്കിയ നവകേരള ബസിന് ഒരു കോടിയിലധികം.
നവകേരളസദസിൽ കർഷകർ നല്കിയ പരാതികളെല്ലാം കൂട്ടിയിട്ട് മന്ത്രിമാർ ഇപ്പോൾ അതിന്മേലാണ് ഉറക്കം. അത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾ സഹായം അഭ്യർത്ഥിച്ച് നവകേരളസദസിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പാക്കേജും നല്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.