- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്‌ത്താൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; നരനായാട്ട് നടത്തിയവരോട് കണക്കുചോദിക്കും; പിണറായിയുടെ പാദസേവകർക്ക് അർഹിക്കുന്ന കൂലിനൽകും; കെ.എസ്.യു മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിനെതിരെ കെ സുധാകരൻ
തിരുവനന്തപുരം: ഡി.ജി.പി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കെപിസിസി. അധ്യക്ഷൻ കെ സുധാകരൻ. അക്രമവാസന കൈമുതലായുള്ള എസ്.എഫ്.ഐക്കാരെ ഭാവിയുടെ വാഗ്ദാനമായി കാണുന്ന മുഖ്യമന്ത്രി കെ.എസ്.യു. വിദ്യാർത്ഥികളോട് തരംതിരിവ് കാട്ടുകയും മൃഗീയമായി തല്ലിച്ചതയ്ക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തെന്നും സുധാകരൻ ആരോപിച്ചു.
കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയത് തെമ്മാടിത്തരമാണ്. പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്‌ത്താൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊലീസ് കെ.എസ്.യു. പ്രവർത്തകർക്കെതിരെ ലാത്തിചാർജ് നടത്തിയത് മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമാണ്. കുട്ടികളാണെന്ന പരിഗണനപോലും നൽകാതെയാണ് അവരെ വളഞ്ഞിട്ട് തല്ലിയത്. ആൺ പെൺ ഭേദമില്ലാതെ കണ്ണിച്ചോരയില്ലാത്ത വിധം തല്ലിച്ചതച്ചു. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടനെ ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് മർദ്ദിച്ചത് പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.യു. അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും പൊലീസ് തയ്യാറായില്ല. പൊലീസ് ജലപീരിങ്കിക്കൊപ്പം ലാത്തിചാർജും അഴിച്ചുവിടുകയായിരുന്നു.
കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് പകരം കുട്ടികളെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് വിരോധാഭാസമാണ്. കേസും ലാത്തിയും എല്ലാം കോൺഗ്രസ് ഒരുപാട് കണ്ടിട്ടുള്ളതാണ്. കോൺഗ്രസ് കണക്ക് ചോദിക്കാൻ ഇറങ്ങുമ്പോൾ ഇതേ വീര്യം അപ്പോഴും പൊലീസ് കാട്ടണം. പിണറായിയുടെ പാദസേവ ചെയ്യുന്ന പൊലീസുകാർക്ക് അർഹിക്കുന്ന കൂലിയെന്തായാലും കോൺഗ്രസ് നൽകുമെന്നും കെ.സുധാകരൻ പറഞ്ഞു.
നേരത്തെ കെ എസ് യു പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ എസ് യു പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പൊലീസ് ലാത്തിച്ചാർജിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരിക്കേറ്റു.
മാർച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും ഉൾപ്പെടെ പരിക്കേറ്റു. പെൺകുട്ടികൾക്കും പരിക്കേറ്റു.
പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാർജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവർത്തകർ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവർത്തകർ ആരോപിച്ചു. കെപിസിസി ഓഫിസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് ക്വട്ടേഷൻ സംഘമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.
സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാർ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങൾ എല്ലാവരും തെരുവിൽ അണിനിരക്കും. ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴൽനാടൻ വെല്ലുവിളി നടത്തി. ഇതിന് പിന്നാലെയായിരുന്നു ലാത്തിച്ചാർജ്ജ്.
മാത്യൂകുഴൽനാടൻ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമായിരുന്നു സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ പ്രവർത്തകർ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിരവധിപേർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. തിരിച്ച് കല്ലേറുണ്ടായി.




