കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയ കെ മുരളീധരനെ അനുനയിപ്പിക്കാനെത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കോട്ടെ വസതിയിൽ എത്തി മുരളീധരനെ കെ സുധാകരൻ കണ്ടു. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്ന് കൂടിക്കാഴ്‌ച്ചക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും. അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണ്. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടില്ല. കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവിയടക്കം അതിൽ ചർച്ചയാകുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിലേക്ക് കെ മുരളീധരനെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

തൃശ്ശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. അതേസമയം ഇപ്പോൾ മൗനം പുലർത്തുന്ന മുരളീധൻ നോട്ടം വെക്കുന്നത് കെപിസിസി അധ്യക്ഷ പദവിയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുമാണ് എന്നാണ് സൂചന. നേരത്തെ തൃശ്ശൂരി െയുഡിഎഫിനേറ്റ തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനം കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും കുറ്റക്കാരായി കാണാൻ സാധിക്കില്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കട്ടേയെന്നും വി ഡി സതീശൻ പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറുന്നതിനു മുൻപ് വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാൻ മുരളി തയാറായേക്കില്ലെന്നും സൂചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരിക്കും മുരളിക്ക് താൽപര്യമെന്നാണ് നേതാക്കളും വിലയിരുത്തുന്നത്. അടുത്ത തവണ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ എത്തിയാൽ മുരളിക്ക് മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. ലോക്സഭയിലേക്ക് വയനാട്ടിൽ നിന്നു മത്സരിച്ച് ജയിച്ചാൽ എംപിയാകാനേ സാധിക്കൂ. രാഹുൽ ഗാന്ധിക്ക് വയനാട്ടിലേക്കാൾ ഭൂരിപക്ഷം റായ്ബറേലിയിലുണ്ട്.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കെതിരെ പോരാട്ടം ശക്തമാക്കണമെങ്കിൽ രാഹുൽ ഉത്തർപ്രദേശിൽ തുടരണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും സഖ്യകക്ഷികളുടെയും താൽപര്യം. രാഹുൽ അത് പരിഗണിച്ചാൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. അങ്ങനെ വന്നാൽ മുരളീധരൻ മത്സരിപ്പിക്കാൻ ശ്രമിച്ചേക്കും.