തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വർഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം അഴിച്ചുവിട്ടത് അൽപത്തമാണെന്ന് സുധാകരൻ ആരോപിച്ചു.

5550 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീർത്തും പദ്ധതി അട്ടിമറിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യംകൊണ്ട് മാത്രമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും സുധാകരൻ പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ചതുപോലെ 2019ൽ തന്നെ പദ്ധതി യാഥാർത്ഥ്യമാകുമായിരുന്നു. 2015ൽ പരിസ്ഥിതി അനുമതി ഉൾപ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുക്കുകയും കോടതി കേസുകൾ തീർക്കുകയും സ്ഥലമെടുപ്പ് പൂർത്തിയാക്കുകയും പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്ത് പണി തുടങ്ങിയ ശേഷമാണ് യു.ഡി.എഫ് അധികാരം വിട്ടത്. 2019ൽ പദ്ധതി പൂർത്തിയാക്കാൻ പാകത്തിലുള്ള എല്ലാ നടപടികളും അന്നു പൂർത്തിയാക്കിയിരുന്നു. പിടിപ്പുകേടിന്റെ പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടുപോകാനായില്ല.

പദ്ധതിയോട് അനുബന്ധമായി തീരേണ്ട വിഴിഞ്ഞം- ബാലരാമപുരം 12 കിമീ റോഡിന് ടെണ്ടർ വിളിക്കാൻ പോലും പിണറായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ പദ്ധതിയാണിത്. വിഴിഞ്ഞം ഫിഷിങ് ഹാർബറിന്റെ കാര്യവും തഥൈവ. പിണറായി സർക്കാർ 2016ൽ 500 കോടി രൂപ വകയിരുത്തിയ അഴീക്കൽ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോർട്ട് പോലും തയാറാക്കാൻ കഴിഞ്ഞില്ല എന്നിടത്താണ് രണ്ടു സർക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

പിണറായി വിജയൻ ഉമ്മൻ ചാണ്ടിയോട് വൈകിയ വേളയിലെങ്കിലും മാപ്പു പറയണം. തമിഴ്‌നാട്ടിലെ എണ്ണൂർ തുറമുഖത്തിന് കാമരാജിന്റെയും തൂത്തുക്കുടി തുറമുഖത്തിന് വിഒ ചിദംബർനാറിന്റെയും ഗുജറാത്തിലെ കണ്ടലയ്ക്ക് ദീനദയാലിന്റെയും പേരാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് ഇത്തരം ധാരാളം മാതൃകകളുണ്ട്. വിഴിഞ്ഞം പദ്ധതിക്കുശേഷം രാജ്യത്ത് ഇതുവരെ പുതിയൊരു തുറമുഖ പദ്ധതി ഉണ്ടായിട്ടില്ല. വിഴിഞ്ഞം തീരദേശവാസികളുടെ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.