- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടും; മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും പരസ്പ്പരം പഴിചാരുമ്പോൾ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണം; പ്രതിസന്ധിയുടെ ആഴം ജനങ്ങളറിയണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ പേരിൽ കേരളവും കേന്ദ്രവും പരസ്പ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തിൽ നിജസ്ഥിതി കണ്ടെത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങൾക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 50 ലക്ഷം ക്ഷേമപെൻഷൻകാരിൽ 8.46 ലക്ഷം പേർക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെൻഷൻ നല്കാൻ മാത്രമായി പെട്രോളിയം ഉല്പന്നങ്ങൾക്ക് രണ്ടു രൂപ സെസ് ഏർപ്പെടുത്തി പിരിച്ച ശതകോടികൾ എവിടെപ്പോയെന്നും കെ.സുധാകരൻ ചോദിച്ചു.
2023- 24ലെ സി.എ.ജി റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 28,258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 23 ശതമാനം വരുമിത്. ഇതിൽ ഏറ്റവും കൂടുതൽ നികുതി കുടിശികയുള്ളത് ജി.എസ്.ടി വകുപ്പിനാണ്. 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതൽ സ്പോൺസറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാർഡ് നല്കിയത് ജി.എസ്ടി അഡീഷണൽ കമ്മീഷണർക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ 2011-16 കാലയളവിൽ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധന ഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തിൽ താഴെയായിരുന്നു. 2016 മുതൽ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ൽ ഇത് ആശങ്ക ഉയർത്തുന്ന 36.5 ശതമാനത്തിൽ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാൻ, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്.
2000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി ഇപ്പോൾ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു. കേന്ദ്രസംസ്ഥാന പദ്ധതികളിൽ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.




