- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴ്ത്തുപാട്ടുകൾ പിണറായിയെ ഫാസിസ്റ്റാക്കി; കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയെന്ന് സുധാകരൻ പറഞ്ഞു. അതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്‌ത്തുപാട്ടുകളെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. പാർട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാർട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോൾ പിണറായിയെ സ്തുതിക്കാൻ മുന്നിൽ നിൽക്കുന്നത്. മന്ത്രിമാർ തമ്മിൽ മത്സരിച്ചാണ് പുകഴ്‌ത്തുന്നത്. അപചയത്തിന്റെ അഗാധത്തിലേക്കു പതിച്ചിട്ടും തിരുത്തൽശക്തിയില്ലാത്ത ദയനീയാവസ്ഥയിലാണ് സിപിഎം.
ഭരണാധികാരിയുടെ പൗരുഷത്തെ ഉയർത്തിപ്പിടിച്ചു നടത്തുന്ന പ്രകീർത്തനം ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണെന്ന് പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും ചിന്തകനുമായ ഉംബർട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് നടത്തിയ നിർവചനത്തിൽ പറയുന്നു. തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ, മണ്ണിൽ മുളച്ച സൂര്യൻ, മലയാളിനാട്ടിൻ മന്നൻ... കാരണഭൂതനും കപ്പിത്താനുശേഷം പുതിയ പദാവലികൾ പ്രവഹിക്കുകയാണ്.
ഭൗതികവാദത്തിൽ മാത്രം വിശ്വസിക്കുന്ന സിപിഎമ്മിന്റെ മന്ത്രിയായ വി.എൻ. വാസവൻ പിണറായിയെ വിശേഷിപ്പിച്ചത് കാലം കാത്തുവെച്ച കർമയോഗിയെന്നും ദൈവത്തിന്റെ വരദാനം എന്നുമാണ്. എന്നാൽ, കേരളം പൊട്ടിച്ചിരിച്ചത് പാർട്ടി സെക്രട്ടറിയുടെ വിശേഷണം കേട്ടാണ്. പിണറായി വിജയൻ സൂര്യനാണെന്നും അടുത്തു ചെന്നാൽ കരിഞ്ഞുപോകും എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തല്ലിച്ചതച്ചെങ്കിലും കരിച്ചുകളയാതിരുന്നതു ഭാഗ്യം.
സിപിഎമ്മിലെ വിഭാഗീയത കൊടികുത്തിനിന്ന കാലത്ത് വി എസ്. അച്യുതാനന്ദന്റെ കട്ട്ഔട്ട് ഉയർന്നപ്പോൾ വ്യക്തിപൂജ പാർട്ടി രീതി അല്ലെന്നും ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും പാർട്ടിയാണ് വലുതെന്നും ആരെയും അതിനുമുകളിൽ പ്രതിഷ്ഠിക്കാൻ ആവില്ലെന്നുമൊക്കെയാണ് അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വിശദീകരിച്ചത്. കണ്ണൂരിൽ പി. ജയരാജൻ, പി.ജെ ആർമി ഉണ്ടാക്കി വ്യക്തിയാരാധന നടത്തുന്നു എന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോൾ പിണറായിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുന്നുവെന്നു സുധാകരൻ പരിഹസിച്ചു.
എതിരാളികളെ കൊന്നൊടുക്കുന്ന സിപിഎം എത്രയോ കാലമായി കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ തികഞ്ഞ ഫാസിസ്റ്റ് പാർട്ടിയായി പ്രവർത്തിക്കുന്നു. പിണറായിയുടെ കാലത്ത് പാർട്ടി നേതൃത്വം ജില്ലയിലെ തന്റെ സ്തുതിപാടകരിലേക്കു കേന്ദ്രീകരിച്ചതോടെ ഫാസിസം കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.