ആലപ്പുഴ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്തുകൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ ആരോപണം.

കുഞ്ഞനന്തന്റെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന് സുധാകരൻ പറഞ്ഞു. കുഞ്ഞനന്തൻ വിഷം ചേർന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വാർത്തയെങ്കിലും വിഷം കൊടുത്തുകൊലപ്പെടുത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ ദൂരൂഹത ഉയർന്ന സാഹചര്യത്തിൽ പുനരന്വേഷണം നടത്താൻ പിണറായി സർക്കാർ തയ്യാറാകണം. താൻ എല്ലാം വിളിച്ചുപറയുമെന്ന് കുഞ്ഞനന്തൻ യോഗത്തിൽ പറഞ്ഞതിന് ശേഷമാണ് വിഷം നൽകിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.

ടിപി കേസിൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. യുഡിഎഫ് കാലത്തെ അന്വേഷണത്തിലാണ് പ്രതികൾക്കുള്ള സിപിഎം പങ്ക് പുറത്തുവന്നത്. കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാ കാലത്തും ആസൂത്രിതമായ കൊലപാതകം നടത്തിയ പാർട്ടിയാണ് സിപിഎം.

കണ്ണൂരിൽ മാത്രം 78 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. തന്നെ ആറ് തവണ തന്നെ കൊല്ലാൻ ശ്രമിച്ചു. ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്. കൊലക്കത്തി രാഷ്ട്രീയം സിപിഎം ഉപേക്ഷിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.