കണ്ണൂർ: ബിജെപി സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവരുടെ നേതാവ് പ്രകാശ് ജാവഡേക്കറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാതെ പൂർണ്ണ സംരക്ഷണം ഒരുക്കിയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാർ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാർട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചത്. ശിവനോട് പാപി ചേർന്നാൽ ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി. കാരണം ഉൾപ്പാർട്ടി രഹസ്യങ്ങളറിയുന്നയാൾ പാപിയായാൽ ശിവൻ മാത്രമല്ല മൊത്തം കൈലാസവും പാപമുക്തമാണെന്ന് വിശ്വസിക്കുന്ന ഭീരുക്കളായ വിഡ്ഢികളാണ് സിപിഎമ്മിനെ നയിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.

ഇന്നത്തെ സിപിഎം നാളെത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവർത്തനം കേരള സിപിഎം ഘടകത്തിലും വൈകാതെ ഉണ്ടാകും.സിപിഎമ്മിൽ തിരുത്തൽ ശക്തിയായി പ്രവർത്തിച്ച വി എസ്.അച്യുതാനന്ദനെ അരിഞ്ഞ് വീഴുത്താൻ എകെജി സെന്ററിന്റെ അകത്തളത്തിൽ ഗർജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തിൽ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്. ഇന്ത്യ സംഖ്യത്തിനെതിരേയും രാഹുൽ ഗാന്ധിക്കെതിരേയും മുഖ്യമന്ത്രിയും സിപിഎമ്മും തിരിഞ്ഞതിന്റെ അകം പൊരുൾ തെളിഞ്ഞതും ഇപ്പോഴാണ്.

കമ്യൂണിസ്റ്റ് സിദ്ധാന്തവും പ്രത്യയശാസ്ത്രവും വിൽപ്പനചരക്കാക്കിയ നേതൃത്വമാണ് കേരളത്തിൽ സിപിഎമ്മിന്റേത്. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഎമ്മിന്റെ മുൻനിരനേതാക്കൾക്കുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടെന്നു പിണറായി തന്നെ സമ്മതിച്ചു.ജാവഡേക്കർ ഇപ്പോൾ മന്ത്രിയല്ല. കേരളത്തിൽ ബിജെപിയെ വളർത്തുന്നതിനാണ് അവരുടെ നേതൃത്വം അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.

അങ്ങനെയുള്ള ജാവഡേക്കറെ പിണറായി കണ്ടത് എന്തിന്? ഇതെല്ലാം സിപിഎം-ബിജെപി ഡീലിന്റെ ഭാഗം തന്നെയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കെ.സുരേന്ദ്രനെതിരായ കേരളപൊലീസിന്റെ നടപടിയും പാതിവഴിയിൽ എങ്ങനെ നിലച്ചുയെന്നതിന് തെളിവുകളാണ് സിപിമ്മിന്റെയും ബിജെപിയുടേയും നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യകൂടിക്കാഴ്ചകൾ.

സ്വന്തം അണികളെ വഞ്ചിച്ചവരാണ് ഇന്ന് സിപിഎമ്മിനെ നയിക്കുന്നത്.സിപിഎം പലപ്പോഴും കേരളത്തിൽ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജൻസിയെപോലെയാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ താരപ്രചാരകനെപ്പോലെയാണ് ഈ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പലപ്രസ്താവനകളും രാഹുൽ ഗാന്ധിക്കെതിരായി വന്നതെന്നും സുധാകരൻ പറഞ്ഞു.