- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ഭീകര പ്രവർത്തനത്തെ താലോലിക്കുന്നു; കെ സുധാകരൻ
കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ട സഖാക്കൾക്ക് വേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നല്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലോകത്ത് ഭീകര സംഘടനകൾ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തിൽ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകര പ്രവർത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിനു തെളിവാണ്.
2015ൽ പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മാണത്തിനിടയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് രണ്ടു സിപിഎം പ്രവർത്തകർ മരിച്ചത്. അന്ന് പാർട്ടി ഇതിനെ തള്ളിപ്പറഞ്ഞെങ്കിലും 2016 മുതൽ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാരകം നിർമ്മിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂർ മുളിയാതോട് ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. വടകരയിൽ ഷാഫി പറമ്പിൽ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഎം ബോംബ് തയാറാക്കിയത്. പാനൂർ മുളിയാതോട് ബോംബ് സ്ഫോടനം ഉണ്ടായപ്പോഴും സിപിഎം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്നു സുധാകരൻ പറഞ്ഞു.
ടിപി ചന്ദ്രശേഖരൻ, ഷുഹൈബ്, ശരത് ലാൽ, കൃപേഷ്, അരിയിൽ ഷുക്കൂർ തുടങ്ങിയ എത്രയോ പേരെയാണ് സിപിഎം ബോംബുകൾ ഇല്ലാതാക്കിത്.സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള സന്ധിയില്ലാ സമരമായിരുന്നു തന്റെ ജീവിതം. എത്രയോ വട്ടം അവരുടെ ബോംബ് ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിലാണ് സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേർവാഴ്ച. കണ്ണൂരാണ് ഈ കാടത്തത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു മൂന്നു ദശാബ്ദമായി പിണറായി വിജയനാണ് ഇതിനു നേതൃത്വം നല്കുന്നത്. ഭരണത്തണലിൽ കേരളം മുഴുവൻ വ്യാപിപ്പിക്കാനാണ് ഇവർ ശ്രമിച്ചുവരുന്നതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.