കണ്ണൂർ: തൃശ്ശൂരിൽ കനത്ത തോൽവി നേരിട്ട കെ മുരളീധരനെ അനനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം. തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചു യു.ഡി. എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കെ.മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമാണ്. ഒറ്റക്കെട്ടായി പാർട്ടി മുരളീധരന് ഒപ്പം നിൽക്കും. കെ.മുരളീധരൻ കരുണാകരന്റെ മകനാണ്. എന്തുവിലകൊടുത്തും അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്തും. അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടയാളെന്നും സുധാകരൻ പറഞ്ഞു. തൃശൂരിലെ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. മുരളീധരനുമായി ഈക്കാര്യത്തിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ അടുത്ത ദിവസം തന്നെ നേരിട്ടുകാണുമെന്നം സുധാകരൻ പറഞ്ഞുയ

മുരളിയുടെ പരാതി നേരിട്ടു കേട്ടാലെ ആരെക്കുറിച്ചു എന്ത് അന്വേഷിക്കണമെന്ന് മനസിലാവുകയുള്ളൂ. തിരുത്താൻ കഴിയുന്നതാണെങ്കിൽ ഈക്കാര്യത്തിൽ പാർട്ടി തിരുത്തി തന്നെ മുൻപോട്ടുപോകും. തൃശൂരിലെ തോൽവി പാർട്ടി പരിശോധിക്കുംണ ഈക്കാര്യത്തിൽ തൃശൂർ ഡി.സി.സിയോട് വിശദീകരണം തേടും. കെ.മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്നാണ വിലയിരുത്തൽ.

ഇതിനെകുറിച്ചു എല്ലാകാര്യങ്ങളും പരിശോധിക്കും. ലോക്സഭാതെരഞ്ഞെടുപ്പിൽ തോറ്റിട്ട് എന്തുതിരുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരൻ ചോദിച്ചു. ഇനിയെന്താണ് തിരുത്താൻ ബാക്കിയുള്ളത്. എല്ലാംകൈയിൽ നിന്നുപോയല്ലോ, എന്തു നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഒരു ചൂട്ടുപോലും കൈയിലില്ലാത്തയാളാണ് മുഖ്യമന്ത്രി.

മാധ്യമപ്രവർത്തകർ ഈക്കാര്യം ചോദിക്കുമ്പോൾ നോകമന്റ്സെന്നു പറഞ്ഞു തോൽവിയെ കുറിച്ചൊന്നും പറയാതെ പോവുകയാണ് മുഖ്യമന്ത്രി. എന്തൊരു നാണം കെട്ട തോൽവിയാണ് അവർക്കുണ്ടായത്. ഞങ്ങളെ വിമർശിക്കാൻ പിണറായി വിജയൻ നൂറുവട്ടം ജനിക്കണമെന്നും സുധാകരൻ പറഞ്ഞു.

തത്കാലം തിരഞ്ഞെടുപ്പുകളിൽനിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിൽനിന്ന് മുരളീധരനെ പിന്തിരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കെ. മുരളീധരന്റെ വീട് സ്ഥിതിചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുരളീധരനെ മത്സരിപ്പിക്കണമെന്ന താൽപര്യം പ്രവർത്തകർ മുന്നോട്ടുവെക്കുന്നുണ്ട്. വട്ടിയൂർക്കാവ് മണ്ഡലം ഇടതുപക്ഷത്തിന്റെ കൈവശമാണ്. മണ്ഡലത്തിൽ ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ബിജെപി വോട്ടുകൾ വർധിപ്പിക്കുന്നത് യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്നുണ്ട്.

മുരളീധരനെ പിണക്കാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വരുംദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിലെ നേതാക്കൾക്കെതിരെ മുരളീധരന്റെ ഭാഗത്തുനിന്ന് വിമർശനങ്ങൾ വന്നേക്കാമെന്ന് മുന്നിൽക്കണ്ട് അനുനയ ശ്രമങ്ങളിലാണ് ഇപ്പോൾ നേതൃത്വം ഏർപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് എന്ത് ദൗത്യം ഏൽപ്പിച്ചാലും അതിനിറങ്ങുന്ന പോരാളിയാണ് കെ. മുരളീധരനെന്നാണ് മുൻ പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിന്റെ പ്രമുഖ മുഖവുമായ രമേശ് ചെന്നിത്തല പ്രതികരിച്ചത്. മുരളിയുടെ പരാജയത്തിൽ ദുഃഖമുണ്ടെന്നും ചെന്നിത്തല പറയുന്നു. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് വടകര എംപി ആയിരിക്കെ നേമത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുരളി മത്സരിച്ചത്. വട്ടിയൂർക്കാവിലെ എംഎൽഎ ആയിരിക്കെയാണ് പാർട്ടിയുടെ ആവശ്യപ്രകാരം 2019-ൽ വടകരയിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചത്.

ഇത്രയധികം പാർട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടും തൃശ്ശൂരിൽ പരാജയപ്പെട്ടതിന് ജില്ലാ നേതാക്കളെയാണ് മുരളി കുറ്റപ്പെടുത്തുന്നത്. വോട്ടെണ്ണൽ കഴിഞ്ഞ് മുരളീധരനെ കാണാൻ മണ്ണുത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു മുരളിധരൻ പ്രതികരിച്ചത്. ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരിൽ ഒരുവിഭാഗം പിറകിൽനിന്ന് കുത്തിയെന്ന പരാതി മുരളിക്കുണ്ട്. വിമർശനങ്ങളോട് കരുതലോടെയേ പ്രതികരിക്കാവു എന്നാണ് നേതാക്കൾക്ക് കോൺഗ്രസിന്റെ നിർദ്ദേശം. മുരളിയെ അധികം പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിലേക്ക് മുരളിയെ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് രാഹുൽഗാന്ധി മത്സരിച്ചത്. അതിൽ കേരളത്തിലെ വയനാട് സീറ്റ് രാഹുൽ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അവിടെ മുരളിയെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. മുസ്ലിം ലീഗിനും സ്വീകാര്യനായ നേതാവാണെന്നത് ഇക്കാര്യത്തിൽ അനുകൂല ഘടകമാണ്. ഒന്നര വർഷത്തോളം കഴിഞ്ഞാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂർക്കാവിൽ മുരളീധരൻ മത്സരിക്കുമെന്ന് തന്നെയാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.