കോട്ടയം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളും സുരേന്ദ്രൻ ഉന്നയിച്ചു. മാസപ്പടി വിവാദം ബിജെപി ചർച്ചയാക്കുമെന്നതിന്റെ സൂചനകളാണ് സുരേന്ദ്രൻ നൽകുന്നത്. വിഷയം കേന്ദ്ര ഏജൻസികളുടെ പരിഗണനയിലാണ്.

വലിയ പുരോഗമനം പറയുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ ഭാര്യയുടെ കമ്പനിയാണ് നിരവധി സ്ഥാപനങ്ങളുമായി തൊഴിൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ആദായ നികുതി റെയ്ഡിനു ശേഷം എന്തുകൊണ്ടാണ് ആ കമ്പനി അടച്ചുപൂട്ടിയത്. ഇത്രയും വൈദഗ്ധ്യമുള്ള, നിരവധി കമ്പനികൾക്ക് സേവനം ചെയ്തിരുന്ന അവരെ ആരാണ് തൊഴിലെടുക്കാൻ സമ്മതിക്കാതിരുന്നത്? റിയാസ് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസിന്റെ മതാചാരം അനുവദിക്കാഞ്ഞിട്ടാണോ കൂടുതൽ കള്ളപ്പണ ഇടപാടുകൾ പുറത്തുവരുമെന്നതുകൊണ്ടാണോ ആ സ്ഥാപനം അടച്ചുപൂട്ടിയത്-ഇതാണ് സുരേന്ദ്രന്റ ചോദ്യം.

അധികാര ദുർവിനിയോഗവും പദവിയുടെ ദുർവിനിയോഗവുമാണ് നടന്നിരിക്കുന്നത്. സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതി ആരോപണങ്ങളിൽ പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സിപിഎം നേതാക്കളും പൊതുസമൂഹത്തിന് മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണ്. ഇവർ നടത്തിയ കോടികണക്കിന് രൂപയുടെ അഴിമതിയുടെ വിശദാംശങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതൃനിരയിലും മാസപ്പടിയും കള്ളപ്പണ ഇടപാടുകളുമെല്ലാം ഉയർന്നുവരികയാണ്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു കടലാസ് കമ്പനിയായിരുന്നുവെന്നത് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനും അനധികൃതമായി പണം വാങ്ങുന്നതിനുമാണ് മുഖ്യമന്ത്രിയുടെ മകൾ വീണ മുഹമ്മദ് റിയാസിന്റെ സ്ഥാപനം ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് കെ.സുരേന്ദ്രൻ പുതുപ്പള്ളിയിൽ ആരോപിച്ചു. സിഎംആർഎൽ കമ്പനിയിൽ ആദായ നികുതി റെയ്ഡ് നടന്നതിനു പിന്നാലെ വീണയുടെ കമ്പനി പൂട്ടുകയുണ്ടായി. സിഎംആർഎല്ലിൽ നിന്ന് മാത്രമല്ല, മറ്റ് നിരവധി സ്ഥാപനങ്ങളിൽ നിന്ന് വീണ പണം വാങ്ങിയിട്ടുണ്ട്. യതൊരു സേവനവും നൽകാതെ വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റി തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വൻതോതിൽ കോടികൾ കൈപ്പറ്റി. ആദായ നികുതി വകുപ്പിന് കുറച്ചുപൈസ നികുതിയടച്ച് രക്ഷപ്പെടാമെന്നാണ് അവർ കരുതിയത്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാകൂ. എന്ത് സേവനമാണ് മുഖ്യമന്ത്രിയുടെ മകൾ ഈ കമ്പനികൾക്ക് നൽകിയത്? എത്ര പ്രതിഫലം അവർക്ക് ലഭിച്ചു?

വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്ത് വെടിവയ്പുവരെ ഉണ്ടായി. മൂന്ന് പേർ രക്തസാക്ഷികളായി. പുഷ്പൻ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു. അ്തരം വിദ്യാഭ്യാസ കച്ചവടക്കാർക്കൊക്കെ എന്തു സേവനമാണ് മുഖ്യമന്ത്രിയുടെ മകൾ നൽകിയിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വന്നു? നഗ്‌നമായ അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചുകൊണ്ടാണ് വീണയുടെ കമ്പനി അനധികൃതമായി പണം സമാഹരിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയിരിക്കുന്നത്. ഒരു സ്ഥാപനത്തിൽ നിന്നുമാത്രം 96 കോടി രൂപയുടെ ഇടപാട് മുഖ്യമന്ത്രിയും മകളൂം പ്രതിപക്ഷ നേതാക്കളും നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ എന്നും സുരേന്ദ്രൻ പറയുന്നു.