കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ കേസിൽ സർക്കാറിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. സുരേഷ് ഗോപിക്കെതിരായ കേസ് രാഷ്ട്രീയ സമ്മർദം കൊണ്ടുണ്ടായതാണെന്ന് അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയതിന് പിണറായി സർക്കാർ കെട്ടിച്ചമച്ചതാണ് കേസ് എന്ന് സുരേന്ദ്രൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും പിണറായി വിജയൻ സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് സുരേന്ദ്രൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മാധ്യമപ്രവർത്തകഎ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിനു ശേഷം നോട്ടീസ് നൽകി വിട്ടയച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നടക്കാവ് പൊലീസ് സ്റ്റേഷനിൽ സുരേഷ് ഗോപിക്കൊപ്പം സുരേന്ദ്രനും മറ്റു നേതാക്കളും എത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവർത്തകനാണ് സുരേഷ് ഗോപി. അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. സഹകരണ കൊള്ളയ്ക്കെതിരായി അദ്ദേഹം ഒരു പദയാത്രയുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്രയും ക്രൂരമായ വേട്ടയാടൽ അദ്ദേഹത്തിനെതിരായി സർക്കാർ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ല.

കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടും. സുരേഷ് ഗോപി സർക്കാരിനെതിരെ പ്രതികരിക്കുമ്പോൾ അവർക്ക് പൊള്ളുന്നു എന്നതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തിൽ സ്പർശിക്കാൻ പോലും പിണറായി വിജയൻ സർക്കാർ ആയിരം ജന്മമെടുത്താലും സാധിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.