- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ
കോട്ടയം: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് എതിരെയുള്ള കെ സുരേന്ദ്രന്റെ പരാമർശം വിവാദമായി. എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹിക വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളീധരൻ തൃശൂരിൽ എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോട്ടയത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ .
ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടി വരുമെന്നായിരുന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. കോൺഗ്രസിലെ യജമാനന്മാർക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരൻ എന്നും തൃശൂർ ലോക്സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരൻ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ലെന്നും നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും സുരേന്ദ്രൻ പരിഹസിച്ചിരുന്നു. കോൺഗ്രസിൽനിന്നുകൊണ്ട് ഒരു തിരഞ്ഞെടുപ്പിലും ഇനി ജയിക്കാൻ മുരളീധരന് കഴിയില്ല. നിങ്ങൾ വേറൊരു പാർട്ടിയിലേക്കു മാറേണ്ടിവരും.
തൃശൂർ മണ്ഡലത്തിൽ സിറ്റിങ് എംപി പരാജയം സമ്മതിച്ച് മാറിപ്പോയിരിക്കുന്നു. അതും എൻഡിഎയുടെ സ്ഥാനാർത്ഥി കാരണം. ബാക്കി എല്ലാ മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെയാണ് വച്ചിരിക്കുന്നത്. തൃശൂരിൽ സിറ്റിങ് എംപിയെ മാറ്റി മുരളീധരനെ കൊണ്ടുവന്നിരിക്കുകയാണ്. മുരളി തോൽപ്പിക്കാൻ മുന്നിൽ നിൽക്കുന്ന ആളാണ്. സാധാരണ സ്ഥാനാർത്ഥിമാർ ആദ്യം പറയുക തിരഞ്ഞെടുപ്പിൽ ജയിക്കാനാണു മൽസരിക്കുന്നതെന്നാണ്. എന്നാൽ മുരളീധരൻ പറഞ്ഞത് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് ആക്കാനാണ് എത്തിയിരിക്കുന്നതെന്നാണ്. എന്തിനാണ് ഈ കങ്കാണിപ്പണിക്ക് കൂട്ടുനിൽക്കുന്നത്. കെ.സി. വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിന് വടകര നൽകിയ ശേഷം, മുരളിയെ അവിടെനിന്നു തട്ടുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന്റെ കഴിഞ്ഞദിവസത്തെ കുറിപ്പ്:
'വലിയ താത്വിക അവലോകനം ഒന്നും വേണ്ട. കെ. സി. വേണുഗോപാലിന് ആലപ്പുഴ വേണം. സുധാകരന് കണ്ണൂരും വേണം. ആലപ്പുഴയോ കണ്ണൂരോ മുസ്ലിം സ്ഥാനാർത്ഥിക്കു കൊടുക്കാനായിരുന്നു തീരുമാനം. അപ്പോൾ പിന്നെ ഏക മുസ്ലിം സ്ഥാനാർത്ഥിക്കു കൊടുക്കാൻ ബാക്കിയുള്ളത് വടകര മാത്രം. തട്ടാൻ പറ്റുന്നത് മുരളീധരനെ മാത്രം. തൃശ്ശൂർ ലോകസഭയിലും വടക്കാഞ്ചേരി അസംബ്ളിയിലും മുരളീധരൻ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രം. കോൺഗ്രസ്സിലെ യജമാനന്മാർക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരൻ. ഊതിവീർപ്പിച്ച ബലൂൺ. ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടിവരും.'