തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരളാ പൊലീസ് കേസെടുത്ത നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ എടുത്ത കേസാണ്. പിണറായി വിജയൻ ഇരട്ടാത്താപ്പും ഇരട്ടനീതിയും ഇക്കാര്യത്തിൽ പ്രകടമായിരിക്കുകയാണെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടപടി സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ളതാണെന്നും വിമർശിച്ചു. മലപ്പുറത്ത് ഹമാസ് നേതാവ് പങ്കെടുത്ത റാലിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും പൊലീസ് കേസെടുത്തില്ല. എന്നാൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും രാജ്യസ്‌നേഹമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവർക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ് ഇരട്ടനീതിയാണ്. വർഗീയ ചിന്താഗതിക്കാരെയും വിധ്വംസകശക്തികളെയും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു

തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടുകൊണ്ടുള്ള ഹീനമായ നടപടിയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ തലവന് മലപ്പുറത്തെ റാലിയിൽ പറഞ്ഞത് സയണസ്റ്റികളെയും ഹിന്ദുത്വവാദികളെയും കുഴിച്ചുമൂടുമെന്നാണ്. അങ്ങനെ പറഞ്ഞ സംഘാടകർക്കെതിരെ കേസ് ഇല്ല. കളമശേരിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കളമശേരി കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ഇവ.

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രിയും തമ്മിൽ വാക്‌പോര് നടന്നതിന് പിന്നാലെയാണ് കേരളാ പൊലീസ് കേസെടുത്തത്. വിധ്വംസക ശക്തികൾക്കെതിരെ പ്രതികരിച്ച തന്നെ മുഖ്യമന്ത്രി വർഗീയവാദിയെന്ന് വിളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. അഴിമതിയും പ്രീണനവും ചൂണ്ടിക്കാട്ടുമ്പോൾ വർഗീയവാദി എന്ന് പറഞ്ഞ് രക്ഷപ്പെടാൻ അനുവദിക്കില്ല. എന്നാൽ കേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല കൊടുംവിഷമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രമന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണമെന്ന് പറഞ്ഞ അദ്ദേഹം വിഷമെന്ന് വിളിച്ചത് കേന്ദ്രമന്ത്രിയും കൂട്ടരും അലങ്കാരമായി കാണണമെന്നും പറഞ്ഞിരുന്നു.

രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ടത്.

എറണാകുളം സെൻട്രൽ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിക്കുന്ന തരത്തിൽ പ്രവർത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

സ്ഫോടനത്തിന് പിന്നാലെ ഇട്ട ഫേസ്‌ബുക്ക് കുറിപ്പിൽ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. കേരളത്തിലെ ഇടതുമുന്നണിയും കോൺഗ്രസും നടത്തുന്ന വർഗീയ പ്രീണനം കൊണ്ടാണ് ജനങ്ങൾക്ക് ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരുന്നു.