തൃശൂർ: എസ്.സി- എസ്ടി ക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്ററുമായി ബന്ധപ്പെട്ട വാർത്ത ചിലയാളുകളുടെ ദുഷ്ടബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സമുദായ സംഘടനകൾക്കൊപ്പവും താൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. കെപിഎംഎസിൽ നിന്നടക്കം നിരവധി നേതാക്കൾ ബിജെപിയിൽ എത്തുമെന്നും സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.

എസ്.സി-എസ്.ടി നേതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ഒരു തെറ്റാണോ? പിണറായിയെ പോലെ മദ്യമുതലാളിമാർക്കും പാറമടക്കാർക്കും ഒപ്പമല്ല ഊണ് കഴിച്ചതെന്നും സുരേന്ദര്ൻ പറഞ്ഞു. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം 'എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്നെഴുതിയതാണ് വിവാദമായത്. ബിജെപി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദമായതോടെ എസ്.സി- എസ്.ടി സെൽ നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണമെന്ന പോസ്റ്റർ ബിജെപി കേരളം പേജിൽ നിന്ന് നീക്കി.

അതിനിടെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്കായി ഐ.ടി സെൽ പുറത്തിറക്കിയ ഔദ്യോഗിക ഗാനവും വിവാദമായി. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണമെന്നായിരുന്നു ഗാനത്തിലെ ഒരു വരി. വിവാദം കൊഴുത്തതോടെ ബിജെപി കേരളം പേജിൽ നിന്ന് ഇതൊഴിവാക്കി. ബിജെപിയുടെ ഒരു സാമൂഹിക മാധ്യമ പേജുകളിലും ഇതിനി ഉണ്ടാവരുതെന്ന കർശന നിർദേശവും നേതൃത്വം നൽകി.

എന്നാൽ നീക്കം ചെയ്ത ശേഷവും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ശബ്ദമിശ്രണത്തിൽ വന്ന പിഴവെന്നാണ് ഐ.ടി സെൽ ഭാരവാഹികൾ നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇന്നലെ ചേർന്ന പദയാത്രാ അവലോകന യോഗത്തിൽ ഐ.ടി സെല്ലിനെതിരെ രൂക്ഷ വിമർശനമാണ് ഇത് സംബന്ധിച്ച് ഉണ്ടായത്.

ഇതിനിടെ, ബിജെപി ദലിത് വിഭാഗങ്ങളെ അപമാനിച്ചുവെന്ന ആരോപണവുമായി കെ.മുരളീധരൻ എംപിയും രംഗത്തെത്തി. "ആരുമായിട്ടും കാണാം, സംസാരിക്കാം, ഭക്ഷണം കഴിക്കാം. അതിലൊന്നും തെറ്റില്ല. പക്ഷേ, എസ്സി എസ്ടി എന്നൊക്കെ പ്രത്യേകിച്ചു പറഞ്ഞ് അങ്ങനെ ചെയ്യുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. നേരേമറിച്ച്, അവരുടെ പരാതികൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, ഇന്ന ആളുകൾക്കൊപ്പം ഞങ്ങൾ ഭക്ഷണം കഴിക്കുന്നു എന്നൊക്കെ ഒരു നോട്ടിസിൽ എഴുതുന്നത് വളരെ മോശപ്പെട്ട ഏർപ്പാടാണ്. അങ്ങനെയൊരു സംസ്‌കാരം ശരിയല്ല" മുരളീധരൻ പറഞ്ഞു.

അതേസമയം, എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് ജാഥ ബഹിഷ്‌കരിച്ചു. ബിഡിജെഎസിന് ജാഥയിൽ അർഹമായ സ്ഥാനം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം.