- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫലസ്തീൻ പുഴുങ്ങി ഉരുട്ടി തിന്നാൻ പറ്റോ? ഫലസ്തീനും മണിപ്പൂരും പറഞ്ഞതുകൊണ്ട് വീടും അരിയും കിട്ടില്ല; സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തത്; സിപിഎമ്മിനെ വിമർശിച്ചു കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ വിമർശനവുായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഫലസ്തീൻ പുഴുങ്ങു ഉരുട്ടി തിന്നാൻ പറ്റില്ല. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടത്തുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സയണിസ്റ്റുകളെ ആക്രമിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. കമ്യൂണിസ്റ്റ് ചൈനയിൽ എന്താണ് നടക്കുന്നതെന്ന് കൂടി പിണറായി പറയണം. ഖുർആൻ കൈവശം വെച്ചതിനാണ് ബീജിങ് എയർപോർട്ടിൽ മുസ്ലിം സഹോദരനെ അറസ്റ്റ് ചെയ്തത്. ചെച്നിയൻ മുസ്ലിംകളെ കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ല. ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ എന്തുകൊണ്ടാണ് മറ്റു മതസംഘടനാ നേതാക്കളെ വിളിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
നേരത്തെ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോൺഗ്രസിനേയും ശശിതരൂരിനേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. എവിടെ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ. അവരെ കാണാനില്ലല്ലോ. ഫലസ്തീൻ വിഷയത്തിൽ കേരളത്തിൽ അവരുടെ ശബ്ദം പലതരത്തിൽ വ്യത്യസ്തമായി കേൾക്കുന്നുണ്ടല്ലോ. ഇതൊന്നും അവ്യക്തത കൊണ്ടൊ ആശയക്കുഴപ്പത്തിന്റെ ഭാഗമായൊ വരുന്നതല്ല. കൃത്യമായ നിലപാടില്ലായ്മ, ഫലസ്തീനുണ്ടായിരുന്ന പിന്തുണയിൽ വന്ന വ്യതിയാനം, ഇസ്രയേലിനോടുണ്ടായ ആഭിമുഖ്യം എന്നിവ മൂലമുള്ളതാണ്. ഡൽഹിയിൽ ഇടതുപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ എവിടെ മറ്റ് പാർട്ടികൾ. ഇത്തരം കാര്യങ്ങളിൽ ബഹുജന സ്വാധീനമുള്ളവർ എന്തെ രംഗത്തുവരാതിരിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.
ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. ഫലസ്തീൻ ജനതക്ക് നേരെയുള്ള നരനായാട്ട് നിർത്തണമെന്നും ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഫലസ്തീൻ ജനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ക്രൂരമായ ആക്രമണമാണ് ഫലസ്തീന് നേരെ നടക്കുന്നത്. സ്വാതന്ത്ര സമരക്കാലത്ത് നാം ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. ചേരിചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാട് നമ്മുക്കുണ്ടായിരുന്നു. പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ആ നയത്തിന് തുടക്കം കുറിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ പ്രവർത്തക സമിതി അംഗമായി ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ലെന്നാണ് സൂചനകൾ. പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്റെ പേരില്ല. 23ന് കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ റാലി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരൻ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷകർ. തരൂരിന് പ്രത്യേക റോളൊന്നും റാലിയിൽ ഇല്ല.
അതിനിടെ ഫലസ്തീൻ വിഷയത്തിലെ പ്രസ്താവന ശശി തരൂർ തിരുത്തണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. തരൂരിന്റെ ആ ഒരു വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല. കോൺഗ്രസിന്റെ ഫലസ്തീൻ നിലപാടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. തരൂർ പ്രസ്താവന തിരുത്തിയാൽ എല്ലാ പ്രശ്‌നങ്ങളും അതോടെ അവസാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഈ വിഷയത്തിൽ മുരളീധരൻ. ഹമാസിനെ തീവ്രവാദിയെന്ന് വിളിച്ച കെകെ ശൈലജയുടെ വാക്കുകൾ ഉയർത്താനാണ് കോൺഗ്രസ് നീക്കം.
ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ പരിപാടിയിൽ തരൂരിനെ ഒഴിവാക്കുന്നതെന്നാണ് വിലയിരുത്തൽ. പ്രവർത്തകസമിതി അംഗമെന്ന രീതിയിൽ തരൂരെത്തിയാൽ പല പ്രഭാഷകരിൽ അവസാന ഊഴം മാത്രമാണ് ലഭിക്കുക. തരൂരിന്റെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുൻ കെപിസിസി പ്രസിഡണ്ടുമാർക്കും ഇതേ നിലപാടാണ്.




