ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുൽ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ ഞങ്ങൾക്ക് വന്ന് മത്സരിച്ചു കൂടെ എന്ന് സുരേന്ദ്രൻ ചോദിച്ചു.

മാതൃഭൂമി ന്യൂസ് ചാനലിന് അനുവദിച്ച അഭിുഖത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അത്തരമൊരു സാധ്യതയെ കുറിച്ചു പ്രതികരിച്ചത്. നിലവിൽ ശശി തരൂരാണ് തിരുവനന്തപുരം എംപി. ബിജെപി ഇക്കുറി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചിക്കുന്നതും. ഇതിനിടെയാണ് മോദി മത്സരിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുരന്ദ്രന്റെ പ്രതികരണം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞ സുരേന്ദ്രൻ എസ്.എഫ്.ഐയ്ക്കെതിരെയും സംസാരിച്ചു.

'സർവകലാശാലകളിൽ ഇപ്പോൾ ശുദ്ധവായു വരുന്നു. ജെഎൻയു പൊളിച്ചില്ലേ? അതിനേക്കാൾ എളുപ്പത്തിൽ നടക്കും കേരളത്തിൽ. കേരളത്തിലെ സർവകലാശാലകളിൽ നിന്ന് എസ്എഫ്‌ഐ ക്രിമിനലുകളെ പുറത്താക്കും. എഴുപത് വർഷമായി എകെജി സെന്ററിലെ അടിച്ചു തളിക്കാരാണ് സെനറ്റിലും സിൻഡിക്കേറ്റിലും ഉള്ളത്. ഇപ്പോൾ ശരിയായ ആൾക്കാർ വന്നപ്പോൾ എന്തിനാണ് ബഹളം വെയ്ക്കുന്നത്. അക്ഷരാഭ്യാസമില്ലാത്ത ഏരിയാ സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്ന കടലാസ് വെച്ച് സെനറ്റും സിൻഡിക്കേറ്റും കുത്തി നിറച്ചതാണ് കഴിഞ്ഞ കാലത്തെ ചരിത്രം'- സുരേന്ദ്രൻ വ്യക്തമാക്കി

ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തിലും സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. ബുൾഡോസർ വെക്കേണ്ട ധാരാളം സ്ഥലങ്ങൾ കേരളത്തിലുമുണ്ടെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. പലയിടത്തും ജനാധിപത്യ സംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിൽ നിന്നടക്കം ലോക്സഭാ സീറ്റുകൾ നേടാൻ ബിജെപി തന്ത്രങ്ങൽ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. ക്രൈസ്തവ വോട്ടുകളിൽ അടക്കം കണ്ണുവച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെത്തും. ജനുവരി ആദ്യവാരം നടക്കുന്ന എൻ.ഡി.എയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി എത്തുന്നത്. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയും എൻ.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തും.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. പി.സി.ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻ.ഡി.എ.യിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ചചെയ്യും. ശിവസേന ഷിൻഡെ വിഭാഗത്തെ കേരളത്തിലെ എൻ.ഡി.എയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.