- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രം: കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം: മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനുവരി 22ന് കർണാടകയിൽ കോൺഗ്രസ് വിജയദിവസമായാണ് കൊണ്ടാടുന്നത്. എന്നാൽ, കേരളത്തിലെ നേതാക്കൾ മിണ്ടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ കോൺഗ്രസിനെതിരെ രംഗത്തുവന്നത്.
അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഹിന്ദുക്കളുടെ വികാരം കോൺഗ്രസ് അവഗണിക്കുന്നത്? കെ.സി വേണുഗോപാൽ എന്താണ് മിണ്ടാത്തത്? മുസ് ലീംലീഗിനെയാണോ പി.എഫ്.ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കാൻ കെസി വേണുഗോപാലും കെ. സുധാകരനും വിഡി സതീശനും തയാറാവണം.
കേരളത്തിലെ കോൺഗ്രസിനെ ആരാണ് നിയന്ത്രിക്കുന്നതെന്നറിയാൻ ഈ നാട്ടിലെ ഭൂരിപക്ഷ വിശ്വാസികൾക്ക് താത്പര്യമുണ്ട്. വോട്ട്ബാങ്കിനെ കോൺഗ്രസിന് ഭയമാണ്. മുസ് ലീംലീഗ് പോലും എതിരല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് എന്തിനാണ് പ്രതിഷ്ഠാ ചടങ്ങിന് പോകുന്നതിനെ ഭയക്കുന്നത്. ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും രാമ ജ്യോതി തെളിയിക്കുകും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് കോൺഗ്രസ് നേതാവും കർണാടക എൻഡോവ്മെന്റ് (മുസ്രയ്) മന്ത്രിയുമായ രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഈ സുപ്രധാന ചടങ്ങ് പ്രമാണിച്ച് എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
'ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാനത്തെ എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും പ്രത്യേക പൂജ അർപ്പിക്കാൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്' എക്‌സിലൂടെ മന്ത്രി പറഞ്ഞു. അയോധ്യയിലെ രാമമന്ദിർ വിഗ്രഹപ്രതിഷ്ഠയുടെ മഹത്തായ അവസരത്തിന്റെ സ്മരണയ്ക്കായി കർണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ ഉൾപ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയതായി വൃത്തങ്ങൾ അറിയിച്ചിരുന്നു. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ സൂചിപ്പിച്ചിരുന്നു.
നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഖാർഗെ പറഞ്ഞു. ജനുവരി 20, 21 തീയതികളിൽ കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാർ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.