മലപ്പുറം: തിരഞ്ഞെടുപ്പിനെ സംഘ്പരിവാർ കാവിയൽക്കരിച്ച പോലെ വടകരയിൽ ലീഗ് പ്രവർത്തകർ ലോകസഭാ ഇലക്ഷൻ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചെന്ന് കെ ടി ജലീൽ. തിരഞ്ഞെടുപ്പിനെ ലീഗ് വർഗ്ഗീയവൽക്കരിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണെന്നും ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ ആവേശം കാട്ടിയെന്നും കെടി ജലീൽ ആരോപിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ വിമർശനം.

വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണ്. ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം 'മതോൽസവ'മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ ഇവന്റ് മാനേജ്‌മെന്റ് ടീമായിരുന്നു. 2024-ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വർഗ്ഗീയവൽക്കരിച്ചു എന്നതിന്റെ പേരിലാകും ചരിത്രത്തിൽ ഇടംനേടുക- ജലീൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയില്ല. അവർ ചോദിച്ച വടകര സീറ്റിൽ ലീഗിന് കൂടി സമ്മതനായ ഒരാളെ കോൺഗ്രസ് മൽസരിപ്പിച്ചു. ലീഗിന്റെ വിഭവശേഷി ആളായും അർത്ഥമായും പരമാവധി ഉപയോഗിച്ചു. വടകരയിൽ കോൺഗ്രസ് ആദ്യമായിട്ടല്ല മൽസരിക്കുന്നത്. മുല്ലപ്പള്ളിയും മുരളീധരനുമൊക്കെ അവിടെ മൽസരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയമായാണ് ലീഗ് തെരഞ്ഞെടുപ്പിനെ കണ്ടത്.

മുൻതെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് ഇത്തവണ വടകരയിൽ കണ്ടത്. ഒരുതരം വന്യമായ ആവേശത്തോടെ കോടികൾ പൊടിച്ച് നടത്തിയ ആറാട്ടാണ് അവിടെ നടന്നത്. ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം 'മതോൽസവ'മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ 'ഇവന്റ്് മാനേജ്‌മെന്റ്' ടീമായിരുന്നു.

ഷൈലജ ടീച്ചറെപ്പോലെ ക്രൂരമായ വ്യക്തിഹത്യക്ക് ഇരയായ ഒരു സ്ഥാനാർത്ഥി കേരളത്തിൽ വേറെ ഉണ്ടാവില്ല. 'കോവിഡ് കള്ളി', 'പെരുംകള്ളി' എന്നെല്ലാമുള്ള പച്ചക്കള്ളങ്ങൾക്കൊപ്പം അശ്‌ളീല ചുവയുള്ള നിരവധി വാക്കുകളും വീഡിയോ ക്ലിപ്പിംഗുകളും അവർക്കെതിരെ യൂത്ത്‌ലീഗ്-യൂത്ത്‌കോൺഗ്രസ്സ് സൈബർ തെമ്മാടികൾ ഉപയോഗിച്ചു. നിപ്പയും കോവിഡും തിമർത്താടിയപ്പോൾ ഉലയാത്ത ടീച്ചറുടെ മനസ്സ് ഇന്നോളം കേൾക്കാത്ത അപവാദങ്ങൾ കേൾക്കേണ്ടി വന്നപ്പോൾ ആടി ഉലഞ്ഞ് കാണും. സിപിഐ.എമ്മിനെതിരെ വാർത്ത ചമക്കാൻ ടീച്ചറെ ഒരുഘട്ടത്തിൽ പാടിപ്പുകഴ്‌ത്തിയിരുന്ന മാധ്യമങ്ങൾ അവരുടെ തനിസ്വരൂപം കാണിച്ച് "ടീച്ചർവധത്തിന്' എരുവും പുളിയും പകർന്നു.

ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കാണിച്ച അമിതാവേശം തീർത്തും അരോചകമായി തോന്നി. നോമ്പും പെരുന്നാളും പെരുന്നാൾ നമസ്‌കാരവും വെള്ളിയാഴ്ച ജുമഅയും തെരഞ്ഞെടുപ്പു കമ്പോളത്തിൽ നല്ല വിൽപ്പനച്ചരക്കാക്കി യു.ഡി.എഫ് മാറ്റി. വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്‌ലീഗ് പ്രവർത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്. തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗ്ഗീയതക്ക് തീപിടിപ്പിച്ച ബിജെപിയുടെ മറുവശമായി ലീഗ് മാറി. ന്യൂനപക്ഷ വർഗ്ഗീയതയുടെ മാലപ്പടക്കത്തിന് അവർ തീകൊളുത്തി. ചെകിടടിപ്പിക്കുന്ന ശബ്ദത്തോടെ അത് വടകര പാർലമെന്റ് മണ്ഡലത്തിന്റെ മുക്കിലുംമൂലയിലും പൊട്ടിത്തെറിച്ചു. പലപ്പോഴും വടകരയിലെ തെരഞ്ഞെടുപ്പ് രംഗം വർഗ്ഗീയ ചേരിതിരിവിൽ വീർപ്പുമുട്ടി. ബഹുസ്വരമാകേണ്ട പ്രചരണ സദസ്സുകളെല്ലാം ബിജെപിയുടേത് പോലെ ഏകമാനസ്വഭാവമുള്ളതായി മാറി. തെരഞ്ഞെടുപ്പിനെ സംഘ്പരിവാർ കാവിയൽക്കരിച്ച പോലെ വടകരയിൽ ലീഗ് പ്രവർത്തകർ ലോകസഭാ ഇലക്ഷൻ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു.