- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തട്ടബോംബ്' ചീറ്റിപ്പോയി! സിപിഎം ശക്തവും വ്യക്തവുമായ നിലപാടുള്ള പാർട്ടി; ലീഗുകാർ സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നതെന്ന് നോക്കുക; ലീഗിനെ വിമർശിച്ചു കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മലപ്പുറം: തട്ടം വിഷയത്തിൽ എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ലീഗിനെ വിമർശിച്ചു ഫേസ്‌ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ എംഎൽഎ. എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ സിപിഐ.എമ്മിനെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാർ ആത്മപരിശോധന നടത്തുക.
ലീഗിന്റെ ആജ്ഞാനുവർത്തികളായ പണ്ഡിതർ ലീഗ് നേതാക്കളെയാണ് ആദ്യം ദീൻ അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയറ്റ് മെമ്പർമാരുടെ ഭാര്യമാരും പെൺമക്കളും ഇസ്‌ലാമിക വേഷം ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തണം. കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽനിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല, മുസ്‌ലിംലീഗിന്റെ കപടവിശ്വാസ പരിസരത്തുനിന്നാണ് പോകുന്നതെന്നും അദ്ദേഹം കുറിച്ചു.
'എല്ലാ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടുള്ള പാർട്ടിയാണ് സിപിഐ (എം). അതുകൊണ്ടാണ് ഞാനടക്കമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ സിപിഎമ്മിനെ ഇഷ്ടപ്പെടുന്നത്. 'വസ്ത്രം, ഭക്ഷണം, വിശ്വാസം ഇതൊക്കെ ഓരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അവനവന് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. തട്ടമിടലും ഇടാതിരിക്കലും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. തട്ടമിടീക്കാനും തട്ടമൂരിപ്പിക്കാനും സിപിഎം ഇല്ല', ഇതാണ് ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകളുടെ രത്‌നച്ചുരുക്കം.
ലീഗുകാർ അവരവരുടെ വീട്ടിലെ കാര്യം നോക്കുക. സ്വന്തം ഭാര്യമാരും പെൺമക്കളും തലയിൽ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തുക. ലീഗിന്റെ ആജ്ഞാനുവർത്തികളായ പണ്ഡിതർ ലീഗ് നേതാക്കളെയാണ് ആദ്യം 'ദീൻ' അഥവാ മതം പഠിപ്പിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ സെക്രട്ടേറിയറ്റ് മെമ്പർമാരുടെ ഭാര്യമാരും പെൺമക്കളും 'ഇസ്‌ലാമിക വേഷം' ധരിക്കുന്നവരാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തി ലീഗിൽനിന്ന് പോകുന്നവർ വിശ്വാസപരിസരത്ത് നിന്നല്ല പോകുന്നത്. മുസ്‌ലിംലീഗിന്റെ 'കപടവിശ്വാസ' പരിസരത്തുനിന്നാണ്. വസ്സലാം - ലാൽസലാം', എന്നിങ്ങനെയാണ് ജലീലിന്റെ പോസ്റ്റ്.
വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും അനിൽകുമാറിന്റെ പരാമർശത്തോട് വിയോജിച്ച് കഴിഞ്ഞ ദിവസം ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദയിട്ട മുസ്‌ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സംഘടനയായ എസ്സൻസ് ഗ്ലോബൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. 'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല' എന്നായിരുന്നു പരാമർശം. ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കവേ ഈ പരാമർശം വിവാദമായിലുന്നു.




