മലപ്പുറം: മുൻ മന്ത്രി കെകെ ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. തന്നെ 101 ശതമാനം വിശ്വസിക്കാം. തലപോയാലും ആരേയും കുഴപ്പത്തിലാക്കില്ലെന്ന് കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. കശ്മീർ പരാമർശത്തിൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് കെ ടി ജലീൽ ഇപ്രകാരം കുറിച്ചത്.

'ഇന്ന് നിയമസഭയിൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %' എന്നാണ് കെ ടി ജലീൽ കുറിച്ചത്.നിയമസഭയിൽ ലോകായുക്ത നിയമഭേദഗതി ചർച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനെതിരെ കെ കെ ശൈലജയുടെ 'ആത്മഗതം'. മൈക്ക് ഓൺ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു മുന്മന്ത്രിയുടെ പരാമർശം. ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ഇതിന് പരോക്ഷ മറുപടി നൽകിയിരിക്കുകയാണ് കെ ടി ജലീൽ.

ലോകായുക്ത നിയമഭേദഗതി ചർച്ചയിൽ കെ കെ ശൈലജ സംസാരിക്കുമ്പോൾ, കെ ടി ജലീൽ സംസാരിക്കാൻ എഴുന്നേൽക്കുകയായിരുന്നു. ഇതിന് പിന്നാലെ ജലീലിനെ സംസാരിക്കാൻ അനുവദിച്ച് ഇരിക്കുമ്പോഴായിരുന്നു കെ കെ ശൈലജയുടെ ആത്മഗതം. മൈക്ക് ഓൺ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു ഇത്.

എന്നാൽ ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നായിരുന്നു ശൈലജയുടെ പ്രതികരണം. തന്റെ പരാമർശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ലോകായുക്ത നിയമം മൂലം രാജി വെക്കേണ്ടി വന്നയാളാണ് കെ ടി ജലീൽ. അന്ന് വിധി പറഞ്ഞ ലോകായുക്ത സിറിയക് ജോസഫിനെതിരെ ഉൾപ്പടെ കെ ടി ജലീൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'ആസാദ് കാശ്മീർ' പരാമർശമുൾപ്പടെ ജലീൽ അടുത്തിടെ നടത്തിയ പ്രതികരണങ്ങളും എൽഡിഎഫ് സർക്കാരിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ലോകായുക്ത ബില്ലിന്റെ ചർച്ചയ്ക്കിടെ മട്ടന്നൂർ എംഎൽഎയുടെ അടക്കംപറച്ചിൽ.